മെഡിക്കൽ കോളേജ് ഡോക്ടർമാർ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്; പ്രതിഷേധം ശമ്പള കുടിശ്ശികയും അലവൻസും നൽകാത്തതിൽ

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പള കുടിശ്ശികയും അലവൻസും നൽകാത്തതിലുള്ള പ്രതിഷേധമായാണ് സർക്കാർ ഡോക്ടർമാർ അനിശ്ചിതകാലത്തേക്ക് ഡ്യൂട്ടി ബഹിഷ്കരിച്ചു സമരം നടത്തുന്നത്.

വിഐപി ഡ്യൂട്ടി, പേ വാർഡ് ഡ്യൂട്ടി, നോൺ കൊവിഡ് യോഗങ്ങൾ എന്നിവയാണ് ഡോക്ടർമാർ ബഹിഷ്കരിക്കുക. നാളെ മുതൽ എല്ലാ ദിവസവും കരിദിനം ആചരിക്കാനും തീരുമാനം ആയിട്ടുണ്ട്. ഈ മാസം പത്തോടു കൂടി സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനും 17 ന് ഒപിയും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും അധ്യാപനവും ബഹിഷ്കരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

ഡോക്ടർമാർക്ക് ലഭിക്കാനുള്ളത് 2016 മുതലുള്ള ശമ്പള കുടിശ്ശികയും അലവൻസും ആണ്. 2017 മുതലുള്ള ശമ്പള കുടിശ്ശികയും അലവൻസും ഡോക്ടർമാർക്ക് നൽകണമെന്ന തീരുമാനം കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കൈക്കൊണ്ടിരുന്നു. എന്നാൽ ഉത്തരവിലുണ്ടായിരുന്നത് 2020 മുതലുള്ള കുടിശ്ശിക നൽകാമെന്നായിരുന്നു. ഈ വിഷയത്തിൽ ഏതെങ്കിലും രീതിയിലുള്ള വിശദീകരണമോ വ്യക്തതയോ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

Latest News