ചെമ്പരിക്ക ഖാസിയുടേത് കൊലപാതകം; പുനരന്വേഷണം ആവശ്യപ്പെടുമെന്ന് ജനകീയ അന്വേഷണ കമ്മീഷന്

ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവി കൊലപ്പെട്ടതാണെന്ന് ജനകീയ അന്വേഷണ കമ്മീഷന്. ഈ കൊലപാതകത്തെ ഒരു സാധാരണ മരണമായി മാറ്റിയതിൽ ഒത്തുകളി ഉണ്ടെന്ന് കമ്മീഷന് അംഗങ്ങള്‍ ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഇതിൽ പങ്കാളികളാണെന്നും കമ്മീഷൻ പറയുന്നു. ഈ കേസിൽ കോടതിയിൽ പുനരന്വേഷണം ആവശ്യപ്പെടുമെന്ന് ജനകീയ കമ്മീഷന് അറിയിച്ചു.
ചെമ്പരിക്ക ഖാസിയുടെ മരണത്തെക്കുറിച്ച് വസ്തുതാപരമായ അന്വേഷണം നടത്തിയത് മൂന്നംഗ ജനകീയ അന്വേഷണ കമ്മീഷനാണ്. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വക്കറ്റ് പി എ പൗരനാണ് സമിതിയുടെ അധ്യക്ഷൻ. അന്ന് ഡി വൈ എസ് പി ആയിരുന്ന ഹബീബ് റഹ്മാന്റെ പേരില്‍ വകുപ്പുതല അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ കണ്ടെത്താന്‍ അത് സഹായിക്കുമെന്നും സമിതി പറയുന്നു. പ്രാഥമിക അന്വേഷണ ഘട്ടത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത് ഈ പൊലീസ് ഉദ്യോഗസ്ഥനാണെന്നും കമ്മീഷന് ആരോപിക്കുന്നു.
ജിപ്മെറില് നിന്നുള്ള വിദഗ്ധരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഖാസിയുടെ മരണം ആത്മഹത്യയാണെന്ന വാദം തള്ളിയിട്ടുണ്ട്. ഖാസിയുടെ ഡ്രൈവറും സഹായിയുമായിരുന്ന ഹുസൈന്, ഖാസിയുടെ മരണത്തിനു ശേഷം വന്‍ സമ്പത്തുണ്ടാക്കിയതില് ദുരൂഹതയുണ്ട്.
2010 ഫെബ്രുവരി പതിനഞ്ചിനാണ് ഖാസി സിഎം അബ്ദുള്ള മൗലവിയെ കര്‍ണാടക അതിര്‍ത്തിയിലെ ചെമ്പരിക്ക കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിബിഐ ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ ഇതേപ്പറ്റി അന്വേഷിച്ചെങ്കിലും ആത്മഹത്യ ആണെന്നായിരുന്നു നിഗമനം.