
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിൽ ആദ്യമായി സെൻസെക്സ് 50,000 പോയന്റ് കടന്നു. 300 പോയന്റുകളോളം ഉയർന്ന് 50126.73 പോയിന്റിൽ എത്തുകയായിരുന്നു. നിഫ്റ്റിയും ആദ്യമായി 14,700 പോയന്റ് കടന്ന് നേട്ടമുണ്ടാക്കിയിട്ടുണ്ട് .
ബജാജ് ഫിൻസേർവ് , ബജാജ് ഫിനാൻസ് , റിലയൻസ് ഇൻഡ്ട്രീസ് തുടങ്ങിയവ ഓഹരി വിപണിയിൽ വ്യാഴാഴ്ച നേട്ടം കൊയ്ത ഭീമൻമാരിൽ ചിലരാണ്. ഇൻഡസ് ഇന്റ് , ആക്സിസ് ബാങ്കുകളും നേട്ടമുണ്ടാക്കിയവരുടെ പട്ടികയിലുണ്ട്. കൊവിഡ് ഭീതി ഒഴിഞ്ഞതോടെയാണ് കുതിച്ചുചാട്ടമെന്നാണ് വിലയിരുത്തൽ.
‘ആഗോള സൂചനകൾ കണക്കിലെടുത്താൽ ആഭ്യന്തര ഓഹരികൾ മികച്ചതായിരിക്കുമെന്നു പ്രതീക്ഷിക്കാം’, എന്നാണ് റിലയൻസ് സെക്യൂരിറ്റീസിന്റെ സ്ട്രാറ്റജി ഹെഡ് ആയ ബിനോദ് മോദി അഭിപ്രായപ്പെടുന്നത്. രാജ്യത്ത് നടക്കുന്ന കൊവിഡ് പ്രതിരോധ കുത്തിവെപ്പും സമ്പദ്വ്യവസ്ഥക്ക് ലഭിച്ചിരിക്കുന്ന ചെറിയ തോതിലുള്ള ഉണർവ്വും ഓഹരി-സാമ്പത്തിക രംഗത്തിന് ഉത്തേജനം പകരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
‘കൂടാതെ ആഗോളതലത്തിൽ പുറപ്പെടുവിപ്പിച്ചിട്ടുള്ള അനുകൂല ധനനയങ്ങൾ, ഡോളറിന്റെ ദുർബല അവസ്ഥ എന്നിവയെല്ലാം ആഭ്യന്തര ഓഹരികളിൽ ഗുണപരമായി പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത് ‘, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
രാജ്യത്ത് വാക്സിൻ വിതരണം ആരംഭിച്ചത് കൂടാതെ യു.എസ് പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റതും ഇന്ത്യൻ വിപണിയുടെ പ്രതീക്ഷക്ക് ആക്കം കൂട്ടി. യു.എസ് -ചൈന വ്യാപാരയുദ്ധത്തിന് അയവു വരുമെന്ന നിഗമനവും വിപണിക്ക് ആവേശമായിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ബജറ്റിൽ സമ്പദ്വ്യവസ്ഥയെ കരകയറ്റുന്ന പ്രഖ്യാപനങ്ങളുണ്ടായേക്കാമെന്ന പ്രതീക്ഷയും വിപണിക്ക് നേട്ടമായി.
- TAGS:
- Equity
- India
- NC Shareef
- Nifty
- Sensex