Top

‘കർഷകദിനത്തിന് ഒരുനേരം ഉപവാസം’, അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്തി, ജനങ്ങളോട് അഭ്യർത്ഥിച്ച് കർഷക സംഘടന

‘കിസാൻ ദിവസ് ‘ ആയ ഡിസംബർ 23 ന് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി ജനങ്ങളും പിന്തുണ അറിയിക്കണമെന്ന് അവർ അഭ്യർത്ഥിച്ചിട്ടുണ്ട്.

21 Dec 2020 1:58 AM GMT

‘കർഷകദിനത്തിന് ഒരുനേരം ഉപവാസം’, അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്തി, ജനങ്ങളോട് അഭ്യർത്ഥിച്ച്  കർഷക സംഘടന
X

സർക്കാറിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഇന്ന് അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ച് കർഷകസമൂഹം. ‘കിസാൻ ദിവസ് ‘ ആയി ആചരിക്കുന്ന ഡിസംബർ 23 ന് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി ജനങ്ങളും പിന്തുണ അറിയിക്കണമെന്ന് അവർ അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ പാത്രങ്ങളിൽ മുട്ടി ശബ്ദമുണ്ടാക്കി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’നെ അവഗണിക്കണമെന്നും രാജ്യത്തെ ജനങ്ങളോട് നിരവധി കർഷക സംഘടനാ നേതാക്കൾ അഭ്യർത്ഥിച്ചു.

സിന്ധു അതിർത്തിയിൽ ഞായറാഴ്ച നടന്ന കർഷകനേതാക്കളുടെ യോഗത്തിൽ സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവ് 11 കർഷകർ വീതം നടത്തുന്ന നിരാഹാര സമരത്തെ പറ്റി വാർത്താമാധ്യമങ്ങളോട് പരാമർശിക്കുകയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള സംഘടനകളും ഈ മാർഗ്ഗം അനുകരിച്ച് തങ്ങളോട് പിന്തുണ അറിയിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രക്ഷോഭ പരിപാടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി എല്ലാ ഇടങ്ങളിലും 11 വീതം കർഷകർ 24 മണിക്കൂർ വീതം മാറിമാറി റിലേ നിരാഹാരസമരത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

നവംബർ അവസാനത്തോടെ ഡൽഹി അതിർത്തിയിൽ ആരംഭിച്ച പ്രതിഷേധ പരിപാടികളാണ് ഇന്ന് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് എത്തിനിൽക്കുന്നത്. കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി വാർത്താപ്രാധാന്യം നേടുന്ന മൂന്നാമത്തെ പ്രധാന സംഭവമാണ് ഈ റിലേ നിരാഹാര സമരം. അഞ്ച് തവണയോളമാണ് കർഷകർ കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തിയത്.

എന്നാൽ കർഷകർ ഉന്നയിക്കുന്ന എല്ലാ ആശങ്കകളും പരിഹരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും സർക്കാർ തുറന്ന മനസ്സോടെ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുടെ വിശദാംശങ്ങൾ നൽകണമെന്നുമാണ് കേന്ദ്ര കൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിവേക് ​​അഗർവാൾ കർഷക പ്രതിനിധികളോട് അഭ്യർത്ഥിക്കുന്നത്.

രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കേന്ദ്ര കൃഷി മന്ത്രിയുമായി മറ്റൊരു ചർച്ച നടത്താനാകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തറും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിനെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് സന്ദർശിച്ചത്തിനു ശേഷമായിരുന്നു ഹരിയാന മുഖ്യന്റെ പരാമർശം.

Next Story