Top

കോടതി ഉത്തരവില്‍ കിടപ്പാടമൊഴിപ്പിക്കല്‍; സ്വയം തീകൊളുത്തിയ ദമ്പതികള്‍ ഗുരുതരാവസ്ഥയില്‍

50 ശതമാനത്തോളം പൊളളലേറ്റ രാജനെ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലും, തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

22 Dec 2020 5:33 AM GMT

കോടതി ഉത്തരവില്‍ കിടപ്പാടമൊഴിപ്പിക്കല്‍; സ്വയം തീകൊളുത്തിയ ദമ്പതികള്‍ ഗുരുതരാവസ്ഥയില്‍
X

തിരുവനന്തപുരം: കോടതിയുടെ ഒഴിപ്പിക്കല്‍ നടപടിക്കിടെ ദമ്പതികള്‍ പൊട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നെയ്യാറ്റിന്‍കര പോങ്ങിലാണ് രാജനും ഭാര്യ അമ്പിളിയും കോടതി നടപടിക്കിടെ പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. ഗുരുതരമായി പൊളളലേറ്റ ഭര്‍ത്താവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിക്കല്‍ നടപടി നടക്കുന്നതിനിടെയാണ് ദമ്പതികള്‍ തീകൊളുത്തിയത്. ഒരു വര്‍ഷം മുമ്പ് പോങ്ങ് സ്വദേശിനി വസന്ത തന്‍റെ മൂന്ന് സെന്‍റ് പുരയിടം രാജന്‍ കൈയ്യേറിയതായി കാണിച്ച് നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു.

രാജന്‍ ഈ പുരയിടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതിനാല്‍ കോടതി കമ്മിഷനെ നിയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞ ജൂണില്‍ അത് രാജന്‍ തടസപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് പോലീസ് സഹായത്തോടെ ഒഴിപ്പിക്കാന്‍ എത്തിയപ്പോഴാണ് രാജനും ഭാര്യ അമ്പിളിയും പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തിയത്.

50 ശതമാനത്തോളം പൊളളലേറ്റ രാജനെ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലും, തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഭാര്യ അമ്പിളിയുടെ പൊളളല്‍ ഗുരുതരമല്ല. അതേസമയം ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച എഎസ്ഐ അനില്‍ കുമാറിനും പരിക്കേറ്റിട്ടുണ്ട്.

Next Story