Covin App

‘കൊവിൻ ആപ്പിന് വ്യാജനുണ്ട്,’ വഞ്ചിതരാകാതെ സൂക്ഷിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

‘കൊവിൻ ‘എന്ന പേരിൽ ഇന്റർനെറ്റിൽ ലഭ്യമാകുന്ന ആപ്പ് ഡൗൺലോഡ് ചെയ്ത്‌ വഞ്ചിതരാകരുതെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. കൊവിഡ് വാക്സിൻ ഇന്റലിജൻസ് നെറ്റ്‌വർക്ക് അഥവാ കൊവിൻ എന്ന ആപ്പ് കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിൽ ഉള്ളതാണെന്നും അതിനിയും ആപ്പ് സ്റ്റോറുകളിൽ ലഭ്യമാക്കി തുടങ്ങിയിട്ടില്ല എന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

രാജ്യത്ത് ഉടൻ വിതരണം ആരംഭിക്കുന്ന കൊവിഡ് വാക്സിനേഷൻ പ്രക്രിയ നടപ്പിലാക്കുന്നതിനും തത്സമയം നിരീക്ഷിക്കുന്നതിനുമായി കേന്ദ്രസർക്കാർ വികസിപ്പിച്ചെടുത്ത ഡിജിറ്റൽ പ്ലാറ്റ് ഫോമാണ് കൊവിൻ. എന്നാൽ ഇതേ പേരിൽ തന്നെ മറ്റൊരു ആപ് ഇപ്പോൾ ആപ്പ്‌സ്റ്റോറുകളിൽ ലഭ്യമാണെന്നും അതിൽ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് ആശ്വാസകരമാകില്ല എന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. കൊവിൻ ആപ്ലിക്കേഷൻ നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

“കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഇനിയും പുറത്തിറങ്ങാത്ത ഔദ്യോഗിക ആപ്പായ ‘കോ-വിൻ’ ന് സമാനമായ ചില അപ്ലിക്കേഷനുകൾ ആപ്‌സ്റ്റോറുകളിലുണ്ട് . ഇവ ഡൌൺലോഡ് ചെയ്യുകയോ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ ചെയ്യരുത്. എംഒഎച്എഫ് ഡബ്ള്യൂവിന്റെ അറിയിപ്പോട് കൂടിയാകും കോവിന്നിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

അതേസമയം, പ്രതിരോധ കുത്തിവെപ്പിന് തയ്യാറെടുക്കുന്ന മുൻനിര ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ടെന്നും അതെല്ലാം കൊവിന്നിൽ അപ്‌ലോഡ് ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അതാത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു നൽകുന്നത്.

ഈ സൗജന്യ മൊബൈൽ ആപ്ലിക്കേഷൻ വഴി ഒരാൾക്ക് വാക്സിന് വേണ്ടി സ്വയം രജിസ്റ്റർ ചെയ്യാവുന്നതാണ്. വാക്സിൻ സംബന്ധമായ എല്ലാ വിവരങ്ങളും രേഖപ്പെടുത്താനാകുന്ന കൊവിൻ അപ്ലിക്കേഷനിൽ അഞ്ച് മൊഡ്യൂളുകളാണ് ഉണ്ടാവുക. അഡ്മിനിസ്ട്രേറ്റർ മൊഡ്യൂൾ, രജിസ്ട്രേഷൻ മൊഡ്യൂൾ, വാക്സിനേഷൻ മൊഡ്യൂൾ, ഗുണഭോക്തൃ അംഗീകാര മൊഡ്യൂൾ, റിപ്പോർട്ട് മൊഡ്യൂൾ തുടങ്ങിയവയാണവ.

Latest News