Top

കാലിക്കറ്റില്‍ ഡിഗ്രി പ്രവേശനത്തിന് നടപടിയായില്ല; ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയില്‍

ഈ വര്‍ഷം കൊവിഡ് പശ്ചാത്തലത്തില്‍ നാട്ടിലെ കോളെജുകളില്‍ അപേക്ഷിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവോടെ നല്ലൊരു ശതമാനം വിദ്യാര്‍ഥികളും പ്രവേശനം കിട്ടാതെ ഇരിക്കുകയാണ്.

23 Nov 2020 1:01 AM GMT
മുഹമ്മദ് സിയാദ് എൻ.ടി

കാലിക്കറ്റില്‍ ഡിഗ്രി പ്രവേശനത്തിന് നടപടിയായില്ല; ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയില്‍
X

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം/പ്രൈവറ്റ് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കാത്തതിനാൽ ഈ വര്‍ഷം ഡിഗ്രി പ്രവേശനത്തിന് കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ ആശങ്കയില്‍. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വ്വകലാശാലയുടെ ഭാഗമായി കേരളത്തിലെ സർവ്വകലാശാലകളിലെ വിദൂരവിദ്യാഭ്യാസ-സ്വകാര്യ രജിസ്‌ട്രേഷൻ നിർത്തലാക്കുകയും വിദൂര പഠനം പൂര്‍ണ്ണമായും പുതിയ സര്‍വ്വകലാശാലയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹർജിയില്‍ ഹൈക്കോടതി ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി പ്രവേശനം സ്റ്റേ ചെയ്തിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേരള യൂണിവേഴ്സിറ്റി യുജിസിയിൽ നിന്നും അനുവാദം വാങ്ങി വിദൂര/സ്വകാര്യ രജിസ്ട്രേഷൻ മുഖേന ഡിഗ്രി പ്രവേശനം നടത്തി കഴിഞ്ഞു. എന്നാൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇപ്പോഴും യുജിസിയുടെ അനുവാദത്തിനായി കാത്തിരിക്കുകയാണ്. ഇതേ തുടർന്ന് ഡിഗ്രി പഠനത്തിന് യോഗ്യത നേടിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ അടുത്ത നടപടിയെ കരുതി അങ്കലാപ്പിലാണ്.

2017ൽ ‘നാക് അക്രഡിറ്റേഷൻ’ മിനിമം യോഗ്യതയായ 3.26 ഗ്രേഡ്‌ ഇല്ലാതെ വന്നപ്പോൾ സ്വകാര്യ രജിസ്ട്രേഷൻ വഴി ഡിഗ്രി പഠനം നടത്താൻ സൗകര്യം ചെയ്തിരുന്നു. 2021വരെ യുജിസിയുടെ വിദൂര വിദ്യാഭ്യാസ സമ്പ്രദായം വഴി ഡിഗ്രി പഠനത്തിന് അനുമതി ലഭിച്ചപ്പോൾ ഈ വിദ്യാർത്ഥികളെ അതിന്റെ ഭാഗമാക്കി മാറ്റുകയാണ് ചെയ്തത്. കാലിക്കറ്റ് സർവകലാശാലക്കും ഇതേ രീതി തുടരാവുന്നതാണെന്ന് ചൂണ്ടികാണിക്കുന്നു.

ഈ വര്‍ഷം കൊവിഡ് പശ്ചാത്തലത്തില്‍ നാട്ടിലെ കോളെജുകളില്‍ അപേക്ഷിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവോടെ നല്ലൊരു ശതമാനം വിദ്യാര്‍ഥികളും പ്രവേശനം കിട്ടാതെ ഇരിക്കുകയാണ്. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് കോഴിക്കോട് സര്‍വ്വകലാശാലയിലെ വിദൂര-പ്രൈവറ്റ് രജിസ്ട്രേഷനായി കാത്തിരിക്കുന്നത്.

വിദൂര വിദ്യാഭ്യാസ വിഭാഗം ഡിഗ്രി പ്രവേശന വിഷയത്തിൽ യൂണിവേഴ്സിറ്റി അധികൃതർ അടിയന്തരമായി ഇടപെടണമെന്നും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ഡിഗ്രി അഡ്മിഷൻ ആരംഭിക്കണമെന്നും ആൾ കേരള കോ-ഓപ്പറേറ്റീവ് കോളേജ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി അധികൃതർക്ക് നിവേദനവും നൽകിയിട്ടുണ്ട്.

Next Story