കമൽനാഥിന്റെ താരപ്രചാരക പദവി റദ്ദാക്കൽ; തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് കമല്‍ നാഥിന്റെ താര പ്രചാരക പദവി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കിയിരുന്നു. ഇതിനെതിരെ സുപ്രിം കോടതിയില്‍ കമല്‍നാഥ് നൽകിയ ഹര്‍ജിയിലാണ് വിധി വന്നത്.

കോൺഗ്രസ് നേതാവ് കമൽ നാഥിനെ താര പ്രചാരക സ്ഥാനത്തു നിന്നും നീക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ‘ഇത്തരം നടപടികളെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല’, എന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പരാമർശിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് കമല്‍ നാഥിന്റെ താര പ്രചാരക പദവി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കിയിരുന്നു. ഇതിനെതിരെ സുപ്രിം കോടതിയില്‍ കമല്‍നാഥ് നൽകിയ ഹര്‍ജിയിലാണ് വിധി വന്നത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, ജസ്റ്റിസ് സുബ്രഹ്മണ്യന് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങളുടെ ലംഘനമാണ് കമ്മീഷന് നടപടിയെന്ന് കമൽനാഥ് ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ‘മാഫിയ’ എന്നു വിശേഷിപ്പിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ താരപ്രചാരക പദവി റദ്ദാക്കിയത്. കൂടാതെ കമല്‍ നാഥ് പ്രചാരണത്തിനെത്തുമ്പോള്‍ മുഴുവന്‍ ചിലവും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി തന്നെ വഹിക്കണമെന്നായിരുന്നു കമ്മീഷന്റെ നിര്‍ദേശം
ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവെന്ന നിലയിൽ ‘ധാർമ്മികവും അന്തസ്സുള്ളതുമായ പെരുമാറ്റമാണ് കമൽ നാഥ് ആവർത്തിച്ചു ലംഘിച്ചതെന്ന്’ കമ്മീഷൻ ഉത്തരവിൽ സൂചിപ്പിച്ചിരുന്നു. 73 കാരനായ കമൽനാഥിന് ബിജെപി വനിതാമന്ത്രിയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനും കമ്മീഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മധ്യപ്രദേശ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഇര്‍മതി ദേവിയെ ആണ് കമല്‍നാഥ് ‘ഐറ്റം’ എന്നു വിളിച്ചത്. പരാമര്‍ശം വിവാദമായപ്പോള്‍ അവരുടെ പേര് താന്‍ മറന്നുപോയതായിരുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.