
കൊല്ലം: പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ശുചീകരണ തൊഴിലാളിയായ ആനന്ദവല്ലി നാളെ അതേ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രസിഡൻ്റാകുന്നു. സിപിഎമ്മിന്റെ ബാനറിൽ തലവൂർ ഡിവിഷനിൽ നിന്നാണ് ആനന്ദവല്ലി സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചത്.
തലവൂരുകാരുടെ വല്ലി ചേച്ചിയായ ആനന്ദവല്ലി ഒരു ദശാബ്ദത്തോളമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ശുചീകരണ തൊഴിലാളിയാണ് . അതുകൊണ്ട് തന്നെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തുന്ന ഏതൊരാൾക്കും പരിചിതമാണ് ആനന്ദവല്ലിയെ. എന്നാൽ തലവൂർ ഡിവിഷനിൽ നിന്ന് ജയിച്ച ആനന്ദവല്ലിയെ പ്രസിഡൻ്റാക്കാനുള്ള പാർട്ടി തീരുമാനത്തിൻ്റെ ഞെട്ടലിലാണ് ആനന്ദവല്ലി.
ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി നിർണയമെത്തിയപ്പോൾ തലവൂരിലേക്ക് ആനന്ദവല്ലിയെ മാത്രമേ സിപിഎം പരിഗണിച്ചിരുന്നുള്ളൂ. പാർട്ടി നിർദ്ദേശം കൃത്യമായി പൂർത്തീകരിച്ചിരിക്കെ ആണ് ആനന്ദവല്ലിയെ തേടി അടുത്ത അംഗീകാരം എത്തിയിരിക്കുന്നത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ആനന്ദവല്ലിയുടെ ഭർത്താവ് മോഹനൻ പെയിൻ്റിങ്ങ് തൊഴിലാളിയാണ്.