Top

ഒരുകാലത്തെ ‘കാട്ടുകൊമ്പന്‍’ പ്രൗഢി നഷ്ടപ്പെട്ട് കുന്നും മലയും താണ്ടിയിറങ്ങിയ തടി ലോറികള്‍; പണിയില്ല, ആശാന്മാരും പ്രതിസന്ധിയിലാണ്

കാട്ടുകൊമ്പന്‍ കാടിറങ്ങുന്നതു പോലെ കുന്നും മലയും താണ്ടി തടിയുമായി പഴയ എസ്ഇ ലോറികള്‍ വരുന്ന കാഴ്ച കണ്ട് ആസ്വദിച്ചവര്‍ ഏറെയാണ്. ഈ ലോറികളുടെ ആരാധകര്‍ ആയി മാറിയവര്‍ പഴയ തലമുറയില്‍ നിരവധിപ്പേരാണ്. സ്ഫടികത്തിലും പുലി മുരുകനിലുമൊക്കെ തിളങ്ങി നിന്ന പഴയ എസ്ഇ ലോറികളുടെ ചിത്ര പണികള്‍ വരെ ലോറികളുടെ മാത്രം പ്രത്യേകതകളാണ്. ചിത്രപ്പണികള്‍ കൊണ്ടും കൊത്ത് പണികള്‍ കൊണ്ടും മോടി പിടിപ്പിച്ച ഗജ ഗാംഭീര്യമുള്ള ടാറ്റാ എസ്ഇ ലോറികള്‍ ഒരു കാലത്ത് ആരാധകര്‍ ഏറെയുള്ള റോഡിലെ താരങ്ങളായിരുന്നു. […]

10 Nov 2020 7:27 AM GMT
അയന ഗിരീഷ്

ഒരുകാലത്തെ ‘കാട്ടുകൊമ്പന്‍’ പ്രൗഢി നഷ്ടപ്പെട്ട് കുന്നും മലയും താണ്ടിയിറങ്ങിയ തടി ലോറികള്‍; പണിയില്ല, ആശാന്മാരും പ്രതിസന്ധിയിലാണ്
X

കാട്ടുകൊമ്പന്‍ കാടിറങ്ങുന്നതു പോലെ കുന്നും മലയും താണ്ടി തടിയുമായി പഴയ എസ്ഇ ലോറികള്‍ വരുന്ന കാഴ്ച കണ്ട് ആസ്വദിച്ചവര്‍ ഏറെയാണ്. ഈ ലോറികളുടെ ആരാധകര്‍ ആയി മാറിയവര്‍ പഴയ തലമുറയില്‍ നിരവധിപ്പേരാണ്. സ്ഫടികത്തിലും പുലി മുരുകനിലുമൊക്കെ തിളങ്ങി നിന്ന പഴയ എസ്ഇ ലോറികളുടെ ചിത്ര പണികള്‍ വരെ ലോറികളുടെ മാത്രം പ്രത്യേകതകളാണ്.

ചിത്രപ്പണികള്‍ കൊണ്ടും കൊത്ത് പണികള്‍ കൊണ്ടും മോടി പിടിപ്പിച്ച ഗജ ഗാംഭീര്യമുള്ള ടാറ്റാ എസ്ഇ ലോറികള്‍ ഒരു കാലത്ത് ആരാധകര്‍ ഏറെയുള്ള റോഡിലെ താരങ്ങളായിരുന്നു. കൊത്തുപണികള്‍ കൊണ്ട് ചിത്രങ്ങള്‍ ഉണ്ടാക്കുകയും അതില്‍ ചായങ്ങള്‍ തേച്ച് ഭംഗിയാക്കി മോടി പിടിപ്പിക്കുന്ന ആശാന്‍മാര്‍ക്കും
ഉണ്ടായിരുന്നു ആരാധകര്‍. നൂറുകണക്കിനു കുതിരകളുടെ ശക്തിയും പുത്തന്‍ സാങ്കേതിക വിദ്യയും ഹൈടെക് സംവിധാനങ്ങളും ഉള്ള ലോറികള്‍ നിരത്തു വാഴാന്‍ ആരംഭിച്ചതോടെ പഴയ എസ്ഇ ലോറികളുടെ പ്രൗഢി നഷ്ടമായി. ഒരു ചെറിയ ബ്രഷ് കൊണ്ട് വര്‍ണക്കാഴ്ചകളുടെ മായാജാലം ലോറിയില്‍ തീര്‍ത്തിരുന്ന പെയിന്റിങ് ആശാന്മാരുടെ പ്രഭാവവും മങ്ങി. വര്‍ക് ഷോപ്പുകളില്‍ നിന്ന് വര്‍ക് ഷോപ്പുകളിലേക്ക് തിരക്കിട്ട് ഓടി നടന്നു ചിത്രപ്പണികളും – കൊത്തു പണികളും ചെയ്തിരുന്നവര്‍ ഇപ്പോള്‍ വല്ലപ്പോഴും എസ്ഇ ലോറികള്‍ വര്‍ക് ഷോപ്പില്‍ എത്തുമ്പോള്‍ മാത്രം ജോലി ഉള്ളവരായി മാറി. ഓരോ വര്‍ഷവും കൂടുതല്‍ ലോറികള്‍ കണ്ടം ചെയ്യപ്പെടുന്നത് ഇവരെ ആശങ്കയില്‍ ആക്കുന്നുണ്ട്.

ലോറികളിലെ ചിത്രപ്പണികള്‍ ചെയ്യുന്നത് മാജിക് കാണുന്നതുപോലെ കൗതുകകരമാണ്. പൂക്കളും ചെറു രൂപങ്ങളും മണിക്കൂറുകളോളം തടിയില്‍ കൊത്തിചിത്രങ്ങളാക്കി മാറ്റുന്നതും
ഒളിഞ്ഞിരിക്കുന്ന പേരുകളും ഫോണ്‍ നമ്പറുകളും പഴമൊഴികളും ചിത്രകാരന്റെ കയ്യടക്കത്തിന്റെയും മനക്കണക്കിന്റെയും കൃത്യതയാണ് വെളിപ്പെടുത്തുന്നതാണ് . ലോറിയുടെ മുന്‍പിലെ എടുപ്പിനു ചേര്‍ന്നുള്ള ചിത്രപ്പലകയിലും നെയിം ബോര്‍ഡിലും കാബിനിലും പ്ലാറ്റ്‌ഫോമിലുമായി നൂറിലധികം ചെറു രൂപങ്ങളാണ് കൊത്തുപണികളിലൂടെ ഇനാമല്‍ പെയിന്റില്‍ വരച്ചിടുന്നത്. പക്ഷികള്‍, മൃഗങ്ങള്‍ എന്നിവ കൂടാതെ പ്രകൃതിയുടെ പല ഭാവങ്ങളും കുന്നുകളും മലകളും മരങ്ങളും സൂര്യോദയവും അസ്തമയവും ലോറിയിലെ ചിത്രപ്പണികളില്‍ ഇവര്‍ ചേര്‍ത്തു വയ്ക്കാറുണ്ട്. ലോറിയുടെ കാബിന്റെ പിറകില്‍ ദൈവങ്ങളുടെയും ആനയുടെയും വലിയ കലാകാരന്മാരുടെയുമൊക്കെ ചിത്രങ്ങളായിരുന്നു വരച്ചിരുന്നത്. ഒരു ദിവസം മൂന്നു ലോറികള്‍ വരെ ഒരേസമയം പെയിന്റ് ചെയ്തിരുന്ന കാലത്തില്‍ ഒരു മാസം നൂറോളം
ലോറികള്‍ പെയിന്റ് ചെയ്ത് നിരത്തിലിറങ്ങിയ കാലമുണ്ടായിരുന്നുവെന്ന് 30 വര്‍ഷം മുന്‍പ് ലോറി പെയിന്റിങ് മേഖലയില്‍ സജീവമായ തൊഴിലാളികള്‍ പറയുന്നു.

കിഴക്കന്‍ മേഖലയില്‍ മാത്രം ഇത്തരത്തിലുള്ള ലോറികളില്‍ കൊത്തുപണികളും പെയിന്റിംഗ് ജോലി ചെയ്യുന്നതുമായ മുപ്പതോളം വര്‍ക് ഷോപ്പുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ സംസ്ഥാനത്ത് മൂന്നോ നാലോ വര്‍ക് ഷോപ്പുകള്‍ മാത്രമാണ് ഉള്ളത്.മുപ്പതോളം പെയിന്റിങ് ആശാന്മാര്‍ ഉണ്ടായിരുന്ന കാലം മാറി ഇപ്പോള്‍ അഞ്ചോ ആറോ പേരായി ചുരുങ്ങി. അമ്പത് വര്‍ഷമായി ഈ മേഘലയില്‍ തൊഴിലെടുക്കുന്ന പല തൊഴിലാളികളും ഇന്ന് പ്രതിസന്ധിയിലാണ്. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം ജോലിക്കായി പുതിയ നിയമം കൊണ്ടുവന്നതുമൂലം വര്‍ഷങ്ങളായി ഈ ജോലി ചെയ്ത് വന്നിരുന്ന തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഈ മേഘലയില്‍ ഉണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

Next Story