
കാഠ്മണ്ഡു: കൊവിഡ് രോഗാണു എവറസ്റ്റ് ബേസ് ക്യാമ്പിൽ. എർലെൻഡ് നെസ്സ് ആണ് എവറസ്റ്റിൽ വെച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച പർവ്വതാരോഹകൻ. നോർവീജിയൻ സ്വദേശിയാണ് എർലെൻഡ് നെസ്സ് .
സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ പൊതുവെ അനുഭവപ്പെടാറുള്ള ലക്ഷണങ്ങൾ തന്നെയാണ് കൊവിഡ് ബാധയിലും പ്രകടമാകുന്നത്. ഇതാദ്യമായാണ് എവറസ്റ്റിൽ വെച്ച് ഒരാൾക്ക് രോഗബാധ ഉണ്ടാകുന്നത്.
പർവ്വതാരോഹണത്തിനിടയിൽ സാധാരണ അനുഭവപ്പെടാറുള്ള രോഗലക്ഷണങ്ങളുമായി ഒന്നിലധികം പർവ്വതാരോഹകർ ഉണ്ടായിരുന്നതായി ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നേപ്പാളിലെ ടൂറിസം മന്ത്രാലയം കൃത്യമായ കേസുകളുടെ എണ്ണത്തെ പറ്റി ഇപ്പോഴും പ്രതികരിച്ചിട്ടില്ല.
വിദേശീയരായ പർവ്വതാരോഹകർക്ക് നേപ്പാളിലെ ടൂറിസം വകുപ്പ് 377 ക്ലൈംബിംഗ് പെർമിറ്റ് ആണ് ഈ വർഷം നൽകിയിട്ടുള്ളത്. വിദേശ വിനോദ സഞ്ചാരികളെ വളരെയധികം ആശ്രയിച്ചാണ് ഏഷ്യയിലെ ദരിദ്ര രാജ്യങ്ങളിലൊന്നായ നേപ്പാൾ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുന്നത്.