‘എന്റെ സഹോദരന്റെ പേര് മുഴക്കിയാൽ അത് മറ്റെല്ലാവരുടേയും പേരുകൾ മുഴുക്കുന്നതിന് തുല്ല്യം’, ജോർജ് ഫ്ളോയിഡിന്റെ സഹോദരൻ ടെറൻസ് ഫ്ളോയിഡ്
യുഎസ് പോലീസ് സേനയുടെ വംശീയ വിദ്വേഷത്തിന്റെ ഇരയായ ജോർജ് ഫ്ളോയിഡിന്റെ ഒന്നാംചരമവാർഷികദിനത്തോടനുബന്ധിച്ച് മിനിപ്പോളിസിൽ കൂറ്റൻ റാലിയാണ് നടന്നത്.
24 May 2021 6:10 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എന്റെ സഹോദരന്റെ പേര് മുഴക്കിയാൽ അത് നാമെല്ലാവരുടേയും പേരുകൾ മുഴുക്കുന്നതിന് തുല്ല്യമെന്ന് ജോർജ് ഫ്ളോയിഡിന്റെ സഹോദരൻ ടെറൻസ് ഫ്ളോയിഡ്. ജോർജ് ഫ്ളോയിഡിന്റെ ഒന്നാം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ടെറൻസ് ഫ്ളോയിഡ്.
ഇത്തരം നിരവധി ഫ്ളോയിഡ് അനുസ്മരണ പരിപാടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ യു എസിൽ നടത്തപ്പെട്ടത്. യുഎസ് പോലീസ് സേനയുടെ വംശീയ വിദ്വേഷത്തിന്റെ ഇരയായ ജോർജ് ഫ്ളോയിഡിന്റെ ഒന്നാംചരമവാർഷികദിനത്തോടനുബന്ധിച്ച് മിനിപ്പോളിസിൽ കൂറ്റൻ റാലിയാണ് നടന്നത്. റാലിയിൽ ഫ്ളോയിഡിന്റെ സഹോദരനും സഹോദരിയുമുൾപ്പടെയുള്ള കുടുംബാംഗങ്ങളോടൊപ്പം നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
പൊലീസ് അതിക്രമങ്ങളിൽ ഇരയാക്കപ്പെട്ടവരുടെ ബന്ധുക്കളും റാലിയിൽ ഫ്ളോയിഡിന്റെ കുടുംബാംഗങ്ങളോടൊപ്പം പങ്കുചേർന്നു. മിനിപ്പോളിസിലെ കോർട്ട് ഹൗസിന് മുൻപിലാണ് നൂറുകണക്കിനാളുകൾ പങ്കെടുത്ത റാലി സംഘടിപ്പിച്ചത്. ഡെറിക്ക് ചുവാൻ എന്ന മിനിപ്പോളിസ് പൊലീസ് ഓഫീസറാണ് ഫ്ളോയിഡിനെ ശ്വാസം മുട്ടിക്കത്തക്കവിധം കാൽമുട്ട് കഴുത്തിൽ അമർത്തി കൊലപ്പെടുത്തിയത്. മിനിപ്പോളിസിലെ ഈ കോർട്ട് ഹൗസിലാണ് ചുവാനെതിരെ ശിക്ഷാപ്രഖ്യാപനം നടന്നത്.
മെയ് 25നാണ് ലോകത്തെ നടുക്കിയ ഫ്ളോയിഡിന്റെ ദാരുണമായ മരണം സംഭവിക്കുന്നത്. ഫ്ളോയിഡ്, ഫിലാന്തോ കാസ്റ്റിൽ, തുടങ്ങീ പൊലീസിന്റെ വർണവെറിക്കിരയായി കൊലചെയ്യപ്പെട്ടവരുടെ ഫോട്ടുകളുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് മിക്കവരും റാലിയിൽ പങ്കെടുത്തത്. ”നീതിയില്ല, സമാധാനമില്ല, അവന്റെ പേര് ഉറക്കെ പറയൂ” എന്നീ വാചകങ്ങൾ ഉയർത്തികാണിച്ചാണ് റാലി സംഘിപ്പിക്കപ്പെട്ടത്. പോലീസിന്റെ കൈകളാൽ കൊലചെയ്യപ്പെട്ട കറുത്തവർഗ്ഗക്കാർക്കാരുടെ കുടുംബാംഗങ്ങൾക്ക് നീതിലഭ്യമാക്കണമെന്ന് റാലിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
”ഇതൊരു നീണ്ട വർഷമായിരുന്നു. വേദനാജനകമായ വർഷം, ഒന്നു കണ്ണടയ്ക്കുന്ന നേരത്തിനുള്ളിൽ ഞങ്ങളുടെ ജീവിതം മാറി മറിഞ്ഞു”. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഇപ്പോഴും തനിക്കറിയില്ലെന്ന് ഫ്ളോയിഡിന്റെ സഹോദരി ബ്രിഡ്ജറ്റ് റാലിയിൽ പങ്കെടുത്തവരോട് വിശദീകരിച്ചു.