
കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വൈദ്യ പരിശോധനയ്ക്കായി ശിവശങ്കരനെ എറണാകുളം ജനറല്‍ ആശുപത്രിലെത്തിച്ചു.
കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഒരു മണിക്കൂര്‍ മുന്‍പാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമസാധുതയുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയതിനുശേഷമാണ് എന്‍ഫോഴ്സ്മെന്റ് വാര്‍ത്ത പുറത്തുവിട്ടത്. ദില്ലിയില്‍ നിന്ന് കസ്റ്റംസ്, ഇഡി തലവന്മാര് കൊച്ചിയിലെത്തിയിരുന്നു. കൊച്ചി ഇഡി ഓഫീസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് എന്‍ഫോഴ്സ്മെന്റ് ശിവശങ്കറിനെ ഏഴുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലും ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തികതട്ടിപ്പ് തടയല്‍ നിയമത്തിന്റെ 3,4 വകുപ്പുകളാണ് ശിവശങ്കറിനെതിരെ ചുമത്തിയിരിക്കുന്നത്. ശിവശങ്കറിനെ നാളെ കോടതിയില്‍ ഹാജരാക്കും. എന്‍ഫോഴ്സ്മെന്റ് പ്രോസിക്യൂട്ടറെ വിളിച്ചുവരുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റ് സംസ്ഥാനസര്‍ക്കാരിനെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍. ചാറ്റേര്‍ഡ് അക്കൗണ്ടന്റ് പി വേണുഗോപാല്‍ അയ്യരുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും നിര്‍ണ്ണായകമായതായാണ് വിവരം.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്നാണ് എം ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യല്‍ വേളയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിനുമുന്നില്‍ പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. വിവിധ അന്വേഷണ ഏജന്‍സികള്‍ സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ആകെ 111 മണിക്കൂറുകളോളമാണ് എം ശിവശങ്കറിനെ ചോദ്യം ചെയ്തത്.