Top

‘ഈ നിമിഷം എന്നും ഞാൻ ഓർത്തിരിക്കും’, ടിക്കായത്തിനെ സന്ദർശിച്ച് പിന്തുണ അറിയിച്ച്‌ ജാർഖണ്ഡ് കൃഷിമന്ത്രി

ഡൽഹി പൊലീസ് കേന്ദ്രസർക്കാരിന്റെ കൈയിലെ പാവകളാണ്,” ടിക്കായത്തിനെ സന്ദർശിച്ച ശേഷം കോൺഗ്രസ്സ് മന്ത്രി പറഞ്ഞു.

3 Feb 2021 12:35 AM GMT

‘ഈ നിമിഷം എന്നും ഞാൻ ഓർത്തിരിക്കും’, ടിക്കായത്തിനെ സന്ദർശിച്ച് പിന്തുണ അറിയിച്ച്‌ ജാർഖണ്ഡ് കൃഷിമന്ത്രി
X

ജാർഖണ്ഡ് കൃഷിമന്ത്രി ബാദൽ പത്രലേഖ് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിനെ സമരഭൂവിൽ സന്ദർശിച്ചു. മാസങ്ങളായി തുടർന്നുവരുന്ന കർഷക പ്രതിഷേധത്തിന് പിന്തുണ അറിയിക്കാനാണ് ഗാസിപൂർ അതിർത്തിയിൽ വെച്ച് ഈ സന്ദർശനം നടത്തിയതെന്ന് മന്ത്രി അറിയിച്ചു.

“കർഷക സമരത്തെ ഞങ്ങൾ ആദ്യം മുതൽക്കേ പിന്തുണയ്ക്കുന്നു. എന്റെ ധാർമ്മിക പിന്തുണ അറിയിക്കാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. ഡൽഹി പൊലീസ് കേന്ദ്രസർക്കാരിന്റെ കൈയിലെ പാവകളാണ്,” ടിക്കായത്തിനെ സന്ദർശിച്ച ശേഷം കോൺഗ്രസ്സ് മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരായി രണ്ടു മാസത്തോളമായി ആയിരകണക്കിന് കർഷകരാണ് ഗാസിപൂർ അതിർത്തിയിൽ സമരം നടത്തുന്നത്.

“ഒരു കർഷകന്റെ കണ്ണുനീർ വീണപ്പോൾ തന്നെ മനസ്സ് വേദനിച്ചതാണ്. ഇന്ന് ഗാസിപൂരിലെ സമരം ചെയുന്ന കർഷകരുടെ ഇടയിൽ ചെന്ന് രാകേഷ് ടിക്കായത്തിനെ കണ്ട് എന്റെ ധാർമിക പിന്തുണ അറിയിച്ചു. ഈ നിമിഷം എന്നും ഞാൻ ഓർത്തിരിക്കും”, ബാദൽ പത്രലേഖ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിലാണ് ഗാസിപൂരില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരോട് പൊലീസ് ഒഴിയണമെന്നാവശ്യപ്പെട്ടത്. എന്നാൽ തങ്ങളുടെ പ്രതിഷേധം ഇങ്ങനെ അവസാനിക്കില്ലെന്ന് ബികെയു സംഘടനാ വക്താവായ രാകേഷ് ടിക്കായത് വ്യക്തമാക്കിയിരുന്നു. തുടർന്ന് കര്‍ഷകസമൂഹത്തോടു അദ്ദേഹം നടത്തിയ വൈകാരികമായ പ്രസംഗം സമരത്തെ പൂർവാധികം ശക്തമാക്കുകയായിരുന്നു.

വിവിധ പ്രതിപക്ഷ പാർട്ടികളും രാഷ്ട്രീയ നേതാക്കളുമാണ് ടിക്കായത്തിനെ പിന്തുണയ്ക്കാനും ഐക്യദാർഢ്യം പ്രകടിപ്പിക്കാനും മുന്നോട്ടു വന്നിട്ടുള്ളത്. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, ശിരോമണി അകാലിദൾ നേതാവ് സുഖ്‌ബീർ സിംഗ് ബാദൽ, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ സമരാവശ്യങ്ങൾ നേടിയെടുക്കാനുള്ള എല്ലാവിധ സഹായങ്ങളും ടിക്കായത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Next Story