മഹീന്ദ്ര എക്‌സ്‌യുവി 300 നിരത്തിലിറങ്ങി; ചെറു എസ്‌യുവികള്‍ വിയര്‍ക്കും

വാലന്റൈന്‍സ് ദിനത്തില്‍ മഹീന്ദ്രയുടെകോംപാക്ട് എസ്‌യുവിയായ ‘എക്‌സ് യു വി 300′ അവതരിച്ചു. അരങ്ങേറ്റത്തിനു മുന്നോടിയായി ബുക്കിങ്ങുകള്‍ കഴിഞ്ഞ ആഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. ബുക്കിംഗിലും മഹീന്ദ്ര റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടാക്കിയത്.

പെട്രോള്‍ മോഡലിന് 7.90 ലക്ഷം മുതല്‍ 10.25 ലക്ഷം വരെയും ഡീസല്‍ മോഡലിന് 8.49 ലക്ഷം മുതല്‍ 10.80 ലക്ഷം വരെയുമാണ് വില. മഹീന്ദ്രയുടെ ഉപസ്ഥാപനവും ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളുമായ സാങ്ങ്യോങ്’ടിവൊലി’ പ്ലാറ്റ്‌ഫോം ആധാരമാക്കിയാണ് ‘എക്‌സ് യു വി 300’ നിര്‍മിച്ചിരിക്കുന്നത്. പക്ഷേ നീളം നാലു മീറ്ററില്‍ താഴെയായി പരിമിതപ്പെടുത്താന്‍ പ്ലാറ്റ്‌ഫോമില്‍മാറ്റങ്ങള്‍ വേണ്ടി വന്നു.

ബോഡി ഘടകങ്ങളും രൂപകല്‍പ്പനയുമെല്ലാം ‘ടിവൊലി’യില്‍ നിന്നു കടമെടുത്തതാണ്. ഒപ്പം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി എസ്‌യുവിയുടെ സസ്‌പെന്‍ഷനില്‍ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. എംപിവിയായ ‘മരാസൊ’യില്‍ അരങ്ങേറിയ 1.5 ലീറ്റര്‍, നാലു സിലിണ്ടര്‍, ഡീസല്‍ എന്‍ജിനാവും ‘എക്‌സ്‌യുവി 300’ എസ്‌യുവിക്കും കരുത്തേകുന്നത്. കോംപാക്ട് എസ്‌യുവിയിലെത്തുമ്പോള്‍ ഈ ഡീസല്‍ എന്‍ജിന്‍300 എന്‍എം ടോര്‍ക്ക് സൃഷ്ടിക്കും.

ഒപ്പമുള്ള 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്200 എന്‍എംടോര്‍ക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാവും ഇരു എന്‍ജിനുകള്‍ക്കുമൊപ്പമുള്ള ട്രാന്‍സ്മിഷന്‍.ഡബ്ല്യു ഫോര്‍, ഡബ്ല്യു സിക്‌സ്, ഡബ്ല്യു എയ്റ്റ് എന്നീ മൂന്നു വകഭേദങ്ങളിലാണ് ‘എക്‌സ്‌യുവി 300’ വിപണിയിലെത്തുക. കൂടാതെ അധിക സുരക്ഷാ ക്രമീകരണങ്ങളും സാങ്കേതിക വിദ്യകളുമായി ഡബ്ല്യു എയ്റ്റ് (ഒ) എന്ന ഓപ്ഷന്‍ വകഭേദവും മഹീന്ദ്ര അവതരിപ്പിക്കുന്നുണ്ട്. ഡ്രൈവറുടെ മുട്ട് സംരക്ഷിക്കാനുള്ള എയര്‍ബാഗ് സഹിതമെത്തുന്ന ‘എക്‌സ്‌യുവി 300’ എസ്‌യുവിയില്‍ നാലു വീലിലും ഡിസ്‌ക് ബ്രേക്കും മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്.

അടിസ്ഥാന വകഭേദമായ ‘ഡബ്ല്യു ഫോറി’ല്‍ തന്നെ എല്ലാ വീലിലും ഡിസ്‌ക് ബ്രേക്ക്, എല്‍ഇഡി ടെയില്‍ ലാംപ്, നാലു പവര്‍ വിന്‍ഡോ. എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്ക് സംവിധാനംതുടങ്ങിയവ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. കൂടിയപതിപ്പില്‍മുന്‍ പാര്‍ക്കിങ് സെന്‍സര്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീല്‍, ഇരട്ട സോണ്‍ ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എട്ട് ഇഞ്ച് ടച് സ്‌ക്രീന്‍, സണ്‍ റൂഫ്, ഏഴ് എയര്‍ബാഗ് തുടങ്ങിയവയും നല്‍കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top