‘നിയമങ്ങള്‍ അട്ടിമറിച്ചായിരുന്നു നിര്‍മ്മാണം, രേണു രാജിനെ എംഎല്‍എ അധിക്ഷേപിക്കുകയായിരുന്നു’; സബ്കളക്ടറെ പിന്തുണച്ച് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്‌

ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത നിര്‍മ്മാണത്തില്‍ സബ്കളക്ടറെ പിന്തുണച്ച് ഇടുക്കി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. അനധികൃത നിര്‍മ്മാണം ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ച് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ സബ്കളക്ടറെ പൊതുജന മധ്യത്തില്‍ അധിക്ഷേപിച്ചെന്നും കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി.

മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിത വ്യവസായ കേന്ദ്ര നിര്‍മ്മാണം നിലവുലുള്ള നിയമങ്ങള്‍ തെറ്റിച്ചാണെന്നും, ഉദ്യോഗസ്ഥ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും തന്നെ എംഎല്‍എ അവഹേളിക്കുകയുണ്ടായി എന്ന് രേണു രാജ് തന്നോട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. റവന്യൂ സെക്രട്ടറിക്കാണ് സബ്കളക്ടറെ പിന്തുണച്ചുള്ള റിപ്പോര്‍ട്ട് കളക്ടര്‍ കൈമാറിയത്.

രേണുരാജിനെ അധിക്ഷേപിച്ച നടപടി; രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കഴിഞ്ഞദിവസം മൂന്നാറിലെ അനധികൃത നിര്‍മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍പില്‍വച്ചാണ് എസ് രാജേന്ദ്രന്‍ എംഎല്‍എ സബ് കളക്ടറെ അവഹേളിച്ച് സംസാരിച്ചത്. സബ് കലക്ടര്‍ ബോധമില്ലാത്തവളെന്നായിരുന്നു എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ പരാമര്‍ശം. പരിസ്ഥിതിപ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള പഞ്ചായത്തിന്റെ കെട്ടിടനിര്‍മാണത്തിന് റവന്യൂ വകുപ്പ് സ്‌റ്റോപ് മെമ്മോ നല്‍കിയപ്പോഴായിരുന്നു എംഎല്‍എയുടെ രോഷപ്രകടനം. മൂന്നാറില്‍ ഹൈക്കോടതിയുടെ നിര്‍മ്മാണ നിരോധനം നിലനില്‍ക്കെയാണ് പഞ്ചായത്ത് 60 മുറിയുള്ള ബഹുനില ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം നടത്തിക്കൊണ്ടിരുന്നത്. അത് തടയാനെത്തിയപ്പോഴാണ് റവന്യൂസംഘത്തെ എംഎല്‍എയുടെ നേതൃത്വത്തില്‍ തടഞ്ഞതും അധിക്ഷേപിച്ചതും.

‘അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്. കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ എന്നും എംഎല്‍എ അധിക്ഷേപിച്ചു. പരാമര്‍ശം വിവാദമായപ്പോഴും തന്റെ പ്രതികരണത്തില്‍ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും പ്രകടിപ്പിച്ചത് സാധാരണക്കാരന്റെ വികാരമാണെന്നുമായിരുന്നു രാജേന്ദ്രന്‍ എംഎല്‍എയുടെ വാദം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top