സ്ത്രീകളെ മാറ്റിനിര്‍ത്തിക്കൊണ്ട് ലോകത്തൊരിടത്തും സാമൂഹ്യമാറ്റം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല: ആനത്തലവട്ടം ആനന്ദന്‍

സ്ത്രീകളെ മാറ്റിനിര്‍ത്തിക്കൊണ്ട് ലോകത്തൊരിടത്തും സാമൂഹ്യമാറ്റം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലയെന്ന് സിഐടി യു സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അഭിപ്രായപ്പെട്ടു. അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ 2018 2019 പ്രവര്‍ത്തനവര്‍ഷത്തെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുമതത്തിലെ ബ്രാഹ്മണ്യവും പൗരോഹിത്യവുമാണ് സ്ത്രീകളെ അടിമകളാക്കിയും ചപലകളാക്കിയും അബലകളാക്കിയും ഒരുത്പാദനോപകരണമാക്കിയും നിലനിര്‍ത്തിയത്. ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന ബ്രാഹ്മണ്യത്തിന്റെ അതിക്രൂരവും പൈശാചികവും നീചവുമായ പീഡനങ്ങള്‍ സഹിക്കവയ്യാതെയാണു ഹിന്ദുമതത്തിലെ താഴ്ന്ന ജാതിക്കാര്‍ ഇസ്ലാം മതവും ക്രിസ്തുമതവും സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്.

1991 വരെ ശബരിമലയില്‍ സ്ത്രീകള്‍ കയറിയപ്പോള്‍ ബ്രഹ്മചര്യം നഷ്ടപ്പെടാത്ത അയ്യപ്പന്റെ ബ്രഹ്മചര്യം 2018 നു ശേഷം സ്ത്രീകള്‍ കയറിയാല്‍ എങ്ങിനെയാണ് നഷ്ടപ്പെടുന്നത്. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി ശബരിമലയെ ഉപകരണമാക്കുകയാണ് കോണ്‍ഗ്രസ്സും സംഘപരിവാറും ചെയ്തുകൊണ്ടിരിക്കുന്നത്. പാലക്കാട്ടെ നിഷ രാജന്‍ എന്ന പെണ്‍കുട്ടി ചൊവ്വാഗ്രഹത്തിലേയ്ക്ക് പോകാന്‍ നാസയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് ശബരിമലയില്‍ അശുദ്ധം കല്‍പിച്ച് സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത്. എന്തൊരു പ്രാകൃതമാണിത്. അദ്ദേഹം ചോദിച്ചു.

എല്ലാ തടസ്സങ്ങളേയും മാറ്റി നിര്‍ത്തിക്കൊണ്ട് കേരളം മുന്നോട്ടേയ്ക്ക് കുതിക്കുകയാണ്. 29 സംസ്ഥാനങ്ങളുള്ള ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമായ കേരളത്തിലെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറെയാണ് ലോകാരോഗ്യ സംഘടന ആദരിച്ചത്. ഇന്ത്യയ്ക്ക് പുറത്ത് ഇന്ത്യയുടെ മുഖമാണ് കേരളം. അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

ശക്തി പ്രസിഡന്റ് അഡ്വ. അന്‍സാരി സൈനുദ്ദീന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ലോക കേരള സഭ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗം കെബി മുരളി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എകെ ബീരാന്‍കുട്ടി, യുവകലാ സാഹിതി യുഎഇ പ്രസിഡന്റ് ബാബു വടകര, കൈരളി കള്‍ച്ചാറല്‍ ഫോറം പ്രസിഡന്റ് രാജന്‍ കണ്ണൂര്‍, ശക്തി സാഹിത്യവിഭാഗം അസി. സെക്രട്ടറി ബിന്ദു ഷോബി, വനിതാ വിഭാഗം കണ്‍വീനര്‍ പ്രിയ ബാലു, ശക്തി ബാലസംഘം സെക്രട്ടറി ഇന്‍ഷാ അയൂബ് അക്കിക്കാവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ചടങ്ങില്‍ ശക്തി ജനറല്‍ സെക്രട്ടറി കെവി ബഷീര്‍ സ്വാഗതവും ജോ. സെക്രട്ടറി അനിതാ റഫീഖ് നന്ദിയും പറഞ്ഞു. ശക്തി വനിതാവിഭാഗം അവതരിപ്പിച്ച ‘ആരോ പണ്ട് പറഞ്ഞു സ്ത്രാകള്‍ അബലകളെന്ന്’ എന്ന് തുടങ്ങുന്ന സംഘഗാനത്തോടെ ആരംഭിച്ച സമ്മേളനം ശക്തി കലാകാരന്‍മാര്‍ അവതരിപ്പിച്ച ‘ശൈത്യകാലം’ എന്ന ലഘുനാടകത്തോടെയാണ് സമാപിച്ചത്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top