‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’: സുപ്രീം കോടതിയില്‍ ഹര്‍ജി


ദില്ലി: മന്‍മോഹന്‍സിംഗിന്റെ ജീവിതകഥ ആസ്പദമാക്കിയുള്ള ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ നിരോധിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മഹത്വം ഇടിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ എന്നാരോപിച്ചാണ് ഹര്‍ജി.

ജീവിച്ചിരിക്കുന്ന പലരെയും അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും ആണ് ചിത്രം എന്നാണ് ഹര്‍ജിയിലെ ആരോപണം. ഫാഷന്‍ ഡിസൈനര്‍ പൂജ മഹാജന്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് പൂജ മഹാജന്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നിരവധി വാദങ്ങളും വിമര്‍ശനങ്ങളും ഇതിനു മുന്‍പും ഉയര്‍ന്നിട്ടുണ്ട്. സിനിമയില്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും തെറ്റായി ചിത്രീകരിച്ചെന്നാക്ഷേപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സിനിമ പ്രദര്‍ശനത്തിന് മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണിക്കണമെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു.

ചിത്രത്തില്‍ പ്രമുഖരായ വ്യക്തികളുടെ ഇമേജിന് കോട്ടം തട്ടുന്നതായി ആരോപിച്ച് അഭിഭാഷകനായ സൂധീര്‍ കുമാര്‍ ഓജ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനുപം ഖേര്‍, സംവിധായകന്‍, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെ ബീഹാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തിരുന്നു. ചിത്രത്തില്‍ മന്‍മോഹന്‍ സിംഗായി എത്തുന്നത് അനുപം ഖേറാണ്. ജനുവരി 11 ന് ചിത്രം തിയേറ്ററുകളിലെത്തും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാറുവിന്റെ പുസ്തകത്തിന്റെ ചലച്ചിത്ര ആവിഷ്‌കാരം ആണ് ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top