യുവതീ പ്രവേശനത്തെത്തുടര്‍ന്നുണ്ടായ അക്രമങ്ങളിലെ നഷ്ടം കര്‍മസമിതി നേതാക്കളില്‍ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കൊച്ചി: ശബരിമല യുവതീ പ്രവേശത്തെത്തുടര്‍ന്നുണ്ടായ അക്രമങ്ങളിലെ നഷ്ടം കര്‍മസമിതി നേതാക്കളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജിയില്‍ ടിപി സെന്‍കുമാര്‍, കെഎസ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഹര്‍ത്താലിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നിര്‍ണയിക്കാനും വിതരണം ചെയ്യാനുമായി ക്ലെയിം കമീഷണറെ നിയമിക്കാന്‍ ഉത്തരവിടണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് തൃശൂര്‍ സ്വദേശി ടിഎന്‍ മുകുന്ദനാണ് കോടതിയെ സമീപിച്ചത്.

ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍എസ്എസ് നേതാക്കളായ കെപി ശശികല, എസ്‌ജെആര്‍ കുമാര്‍, കെഎസ് രാധാകൃഷ്ണന്‍, ഡോ ടിപി സെന്‍കുമാര്‍, ഗോവിന്ദ് ഭരതന്‍, പിഎസ് ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍, പികെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, പിഇബി മേനോന്‍ എന്നിവരാണ് എതിര്‍ കക്ഷികള്‍.

ബിജെപി, ഹിന്ദു ഐക്യ വേദി, ശബരിമല കര്‍മസമിതി, ആര്‍എസ്എസ് എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിക്കല്‍ വ്യാപകമായി നടന്നു. നിയമവാഴ്ച തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് ഹര്‍ത്താലും അക്രമണങ്ങളും നടത്തിയതെന്നുമാരോപിച്ചാണ് ഹര്‍ജി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top