ചോദ്യങ്ങള്‍ ബാക്കി, കാത്തിരിപ്പ് തുടരാം; ആകാംഷ നിലനിര്‍ത്തി ഹെല്‍മെയ്റ്റ്

നിഗൂഢതകള്‍ ബാക്കിയാക്കി സോഷ്യല്‍മീഡിയയില്‍ ഹ്രസ്വ ചിത്രം ഹെല്‍മെയ്റ്റിന്റെ മൂന്നാം ഭാഗവും ശ്രദ്ധേയമാകുന്നു. ത്രില്ലര്‍ സ്വഭാവമുള്ള വെബ്‌സീരീസ് ഗണത്തില്‍പ്പെടുന്ന ചിത്രം പ്രേക്ഷകരെ ആകാംഷഭരിതരാക്കിയാണ് മുന്നേറുന്നത്. നവാഗതരായ നിജയ് ഘോഷ് തിരക്കഥയെഴുതി മഹേഷ് പി നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനായ ഷാഫി, കോമഡി വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഒരു പോലെ തിളങ്ങിയ കലാഭവന്‍ ഷാജോണ്‍, മുന്‍ നിര നായികാമാരയ സന അല്‍ത്താഫ്, അതിഥി രവി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം റിലീസ് ചെയ്തത്.  ഹെല്‍മെയ്റ്റിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരു ലക്ഷത്തിലേറെ പ്രേക്ഷകര്‍ യൂട്യൂബില്‍ കാണുകയും മികച്ച പ്രതികരണങ്ങള്‍ നേടുകയും ചെയ്തവയാണ്.

സോഷ്യല്‍ മീഡിയയില്‍ ചിരിയുടെ വിവിധ രസക്കൂട്ടുകള്‍ സമ്മാനിച്ച മലബാര്‍ കഫേയിലെ ദിനേശനും സുലുവും ഹെല്‍മെയ്റ്റ് മൂന്നാം ചാപ്റ്ററിന്റെ ഭാഗമാകുന്നുണ്ട്. നിയാസ്, തനു എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ ഇവരെത്തുന്നത്. കോമഡി രംഗങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുന്ന ദിനേശനും സുലുവും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ഹെല്‍മെയ്റ്റില്‍ പ്രത്യക്ഷപ്പെടുന്നത്. സമകാലിക സംഭവങ്ങളെ ഹാസ്യരൂപേണ അവതരിപ്പിക്കുന്ന മലബാര്‍ കഫേ സോഷ്യല്‍ മീഡിയയില്‍ മികച്ച രീതിയിലാണ് മുന്നേറുന്നത്. ചലച്ചിത്ര താരങ്ങളായ ഷാജു ശ്രീധര്‍, രാജ് ബാബു, നിതിന്‍ സൈനുദ്ദീന്‍ എന്നിവരും ഹെല്‍മെയ്റ്റിന്റെ വിവിധ ചാപ്റ്ററുകളില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇവരെക്കൂടാതെ പത്തോളം പുതുമുഖ താരങ്ങളും ഹെല്‍മെയ്റ്റിന്റെ ഭാഗമായിട്ടുണ്ട്.

അഞ്ച് എപ്പിസോഡുകളായാണ് ഹെല്‍മെയ്റ്റ് എത്തുക. ഒരു കൊലപാതകിയുടെ ജീവിതത്തെ ആധാരമാക്കിയാണ് ഹെല്‍മെയ്റ്റിന്റെ കഥ പുരോഗമിക്കുന്നത്. മലയാളം ഇന്നുവരെ കണ്ടതില്‍ വച്ച് മുഴുനീള ത്രില്ലര്‍ സ്വഭാവവും സസ്‌പെന്‍സും നിറഞ്ഞ വെബ്‌സീരീസ് ഗണത്തിലാണ് ഹെല്‍മെയ്റ്റ് സ്ഥാനം പിടിച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകര്‍ക്ക്  അത്ര സുപരിചിതമല്ലാത്ത ഒരു കഥ പറച്ചില്‍ രീതിയാണ് വെബ് സീരിസുകള്‍. ചെറിയ കഥയെ ചുരുങ്ങിയ സമയത്തിലൊതുക്കാതെ ഓരോ എപ്പിസോഡുകളാക്കി അവതരിപ്പിക്കുന്ന രീതി അന്യഭാഷകളില്‍ ഉള്‍പ്പെടെ  കണ്ട് ശീലിച്ച മലയാളികള്‍ക്കിടയിലാണ് ഹെല്‍മെയ്റ്റ്  എന്ന  ചിത്രം ശ്രദ്ധ നേടുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും മുഹമ്മദ് സഹല്‍, ജിതിന്‍ ജോസഫ്, ക്യാമറ അസിസ്റ്റന്റ് സഗീത്, പശ്ചാത്തല സംഗീതം രതീഷ് റോയി, നിഖില്‍ പ്രഭ, വരികള്‍ എഴുതിയത് രാജീവ് മേനോന്‍ കോലടി, ഫോട്ടോഗ്രാഫര്‍ ബിജു ഹരി, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, കിരണ്‍ ഗോപാലകൃഷ്ണന്‍, ഫലാല്‍, അജ്മല്‍ തുടങ്ങി സിനിമാ മോഹവുമായി ഒത്തുചേര്‍ന്ന ദുബായ് മലയാളികളും ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നുണ്ട്.  ഡ്രീം സിനിമാസിന്റെ ബാനറില്‍ നവാഗതനായ ദേവദത്ത് പി നായരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  ഡ്രീ സിനിമാസ് പ്രെഡക്ഷന്‍ ഹൗസാണ് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്യുന്നത്. വിഷയാവതരണത്തിലെ പുതുമ കൊണ്ട് ചിത്രത്തിന്റെ നാലാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ബിഗ് ബജറ്റില്‍ മലയാളത്തില്‍ ആദ്യമായാണ് ഇത്തരമൊരു വെബ്‌സീരീസ് പുറത്തിറങ്ങുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top