“വായടയ്ക്കുക, വിലക്കിനെ നേരിടുക”, സ്മിത്തിനോടും ബാന്‍ക്രോഫ്റ്റിനോടും മുന്‍ ഓസീസ് താരം

ഓസീസ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനോടും ബാന്‍ ക്രോഫ്റ്റിനോടും വായടച്ച് വിലക്കിനെ നേരിടാനാവശ്യപ്പെട്ട് മുന്‍ താരം ഡീന്‍ ജോണ്‍സ്. പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുന്ന താരങ്ങള്‍ മാധ്യമങ്ങളോട് സംഭവം വിശദമാക്കിയതാണ് മുന്‍ താരത്തെ ചൊടിപ്പിച്ചത്. സഹതാപം പിടിച്ചുപറ്റാന്‍ ശ്രമിക്കേണ്ടതില്ല എന്നും ഡീന്‍ പറയുന്നു.

‘പന്തുചുരണ്ടല്‍ സംഭവം വീണ്ടും വീണ്ടും ഓര്‍മിപ്പിച്ച് അവര്‍ നമ്മെ വീണ്ടും വഞ്ചിക്കുന്നു. സഹാതാപം പിടിച്ചുപറ്റാനുള്ള ഈ ശ്രമം തിരിച്ചടിക്കും. വിലക്കിന്റെ കാലം വായടച്ചുവച്ച് ശാന്തമായി നേരിടട്ടെ’, ഡീന്‍ ജോണ്‍സ് പറയുന്നു.

കഴിഞ്ഞ ദിവസം സ്മിത്ത് ഇക്കാര്യത്തേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വിവാദത്തിന് ശേഷം ആദ്യമായാണ് സ്മിത്ത് മാധ്യമങ്ങളോട് ഇക്കാര്യം സംസാരിക്കുന്നത്. തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ച അദ്ദേഹം തുറന്നുപറഞ്ഞു.

ഡ്രസിംഗ് റൂമില്‍ വച്ച് താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിക്കുന്നതിനേക്കുറിച്ച് സംസാരിച്ചിരുന്നു. അത് താന്‍ കേട്ടു. എന്നാല്‍ അതിലൊന്നും ഇടപെടുന്നില്ല എന്നമട്ടില്‍ താന്‍ നടന്നുപോയി. ആ സമയത്ത് അങ്ങനെ ചെയ്യാനാണ് തോന്നിയതും. അത് തന്റെ തോല്‍വിയായിരുന്നു. പ്രത്യേകിച്ചും ക്യാപ്റ്റന്‍ എന്ന നിലയില്‍ താന്‍ പരാജയമായി എന്നും സ്മിത്ത് പറഞ്ഞു.

‘പന്തില്‍ കൃത്രിമം കാട്ടിയത് തടയാന്‍ എനിക്ക് സാധിക്കുമായിരുന്നു. എന്നാല്‍ അത് ഞാന്‍ ചെയ്തില്ല. വലിയ വീഴ്ച്ചയാണ് സംഭവിച്ചത്. അതുകൊണ്ടാണ് ഇത് വലിയ പ്രശ്‌നമായപ്പോള്‍ നടന്നതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തത്. അത്തരമൊരു തെറ്റ് മേലില്‍ ഉണ്ടാകില്ല’, സ്മിത്ത് പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് ഓസിസ് താരങ്ങളുടെ കാപട്യം കയ്യോടെ പിടികൂടിയത്. താത്കാലികമായി ഒരു മത്സരത്തില്‍നിന്നും സ്മിത്തിനേയും വാര്‍ണറേയും ബാന്‍ക്രോഫ്റ്റിനേയും ഐസിസി വിലക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top