സംസ്ഥാനത്ത് മദ്യകുംഭകോണം; സര്‍ക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷം

തിരുവനന്തപുരം: ബ്രൂവറിക്ക് പിന്നാലെ വിദേശമദ്യ ഇടപാടില്‍ സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം. വിദേശ നിര്‍മിത മദ്യം ബാറുകളില്‍ ലഭ്യമാക്കാനുള്ള തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. പ്രളയത്തിന്റെ മറവില്‍ സര്‍ക്കാര്‍ മദ്യകുംഭകോണം നടത്തിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിദേശമദ്യ മാഫിയയ്ക്ക് കേരളത്തിന്റെ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും വിദേശമദ്യം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വന്‍ കുംഭകോണം നടന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മന്ത്രിസഭ അറിയാതെ എടുത്തിരിക്കുന്ന തീരുമാനത്തിന് പിന്നില്‍ വിദേശ മദ്യമാഫിയയെ സഹായിക്കാനുള്ള കള്ളകളിയാണ്. വിദേശ കമ്പനികളുമായി എത്ര കോടിയുടെ ഇടപാടാണ് നടന്നിട്ടുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കേരളത്തെ മദ്യത്തില്‍ മുക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും തിരുവഞ്ചൂര്‍ പറയുന്നു.

ഈ വിഷയമാണ് ഇന്ന് അടിയന്തര പ്രമേയമായി സഭയിലുന്നയിക്കാന്‍ പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ അഴിമതി ചര്‍ച്ചയാകാതിരിക്കാനാണ് സഭാനടപടികള്‍ അവസാനിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top