വണ്‍ പ്ലസും പോക്കോയും തമ്മില്‍ താരതമ്യം ചെയ്ത് ടെക് പ്രേമികള്‍; ഏതാണ് കൂടുതല്‍ മികച്ചതും പോക്കറ്റിനിണങ്ങിയതും?

ആമുഖം ആവശ്യമില്ലാത്ത സ്മാര്‍ട്ട്ഫോണ്‍ കമ്പനിയാണ് വണ്‍പ്ലസ്. ഒപ്പോയും വിവോയും റിയല്മിയുമെല്ലാം കയ്യില്‍ വയ്ക്കുന്ന ടെക് ഭീമനായ ബിബികെയുടെ സ്വകാര്യ അഹങ്കാരം വണ്‍പ്ലസ് എന്ന കമ്പനിതന്നെയാണ്. ലോക ഫോണ്‍ വിപണിയിലെ രണ്ടാമനായ വാവെയ്ക്കുപോലും അമേരിക്കന്‍ വിപണിയില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വണ്‍പ്ലസ് അവിടെയും വിപണി കണ്ടെത്തിയതും ഒരുപറ്റം ഉപഭോക്താക്കളെ ആരാധകരാക്കി മാറ്റിയതും. മികവ് ഒന്നുകൊണ്ടുമാത്രമാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനി എന്ന തരത്തിലുള്ള അവജ്ഞയോടെയുള്ള ഇടപെടീലുകള്‍ വണ്പ്ലസിനുനേരെ ആരും പുറത്തെടുക്കാത്തത്.
ഏറ്റവും മികച്ച ഫോണുകള്‍ കുറഞ്ഞ വിലയില്‍ ലോകത്തിന് നല്‍കുക എന്നതാണ് വണ്‍പ്ലസിന്റെ പ്രഖ്യാപിത ലക്ഷ്യം. ഐഫോണും ഗ്യാലക്സി, പിക്സല്‍ ഫോണുകളും പുറത്തിറങ്ങുന്ന മുറയ്ക്ക് അതിനോട് കിടപിടിക്കുന്ന ഫീച്ചറുകളുമായി വണ്‍പ്ലസും അവതരിക്കും. ഒരു സമയം വിപണിയില്‍ ഒരുമോഡല്‍ എന്ന നയം തന്നെ കമ്പനിക്ക്. എട്ട് മോഡലുകള്‍ വിപണിയിലിറക്കിയതില് പരാജയം രുചിച്ചത് വണ്‍പ്ലസ് എക്സ് എന്ന ഒരേയൊരു മോഡല്‍ മാത്രം. വണ്‍പ്ലസ് 5ടിയും വണ്‍പ്ലസ് 6ഉം ആമസോണ്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഫോണുകളായി മാറി. മുപ്പതിനായിരത്തിന് മുകളില്‍ വിലയുള്ളപ്പോഴാണ് ഇതെന്ന് ഓര്‍ക്കണം. ഇത്രയും പണം മുടക്കാന്‍ സാധിക്കുന്ന ഒരാളുടെ ആദ്യ ചോയ്സായി വണ്‍പ്ലസ് മാറി.

എന്നാല്‍ ഉപഭോക്താക്കളുടെ തള്ളിക്കയറ്റം വണ്‍പ്ലസ് കമ്പനിയെ തങ്ങളുടെ വില നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ പ്രേരിപ്പിച്ചു. വില അങ്ങനെ വര്ദ്ധിച്ചുപോയി. ഫലമോ, ഷവോമി പോലെ എന്തെങ്കിലും അവസരം ലഭിച്ചാല്‍ മുഴുവനായും മുതലെടുക്കുന്ന ഷവോമിപോലുള്ള കമ്പനികള്‍ വണ്‍പ്ലസിന്റെ സെഗ്മെന്റിനേയും നോട്ടമിട്ടു. ഷവോമിക്ക് അവര്‍ കൂടുതല്‍ ഫോണ്‍ കൂടുതല്‍ വില്‍ക്കുന്ന സെഗ്മെന്റില്‍ മുട്ടന്‍ പണിനല്കിക്കൊണ്ടാണ് ഒപ്പോയുടെ ഉപ കമ്പനി റിയല്‍മി എത്തിയത്. ഒരു പരിധിവരെ റിയല്‍മി അതില്‍ വിജയിക്കുകയും ചെയ്തു. ഷവോമി മാത്രം എന്ന നിലയില്‍നിന്ന് അതിനേക്കാള്‍ കോണ്‍ഫിഗറേഷനുള്ള റിയല്മിയുമാകാം എന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാവുന്ന അവസ്ഥയെത്തി.
ഇതേ തന്ത്രം ഷവോമി തിരിച്ചും പയറ്റി. വണ്പ്ലസിനേക്കാള് വിലക്കുറവില്‍ അതേ കോണ്ഫിഗറേഷന് നല്കുന്ന ഫോണുകള്‍ കമ്പനി പുറത്തിറക്കിത്തുടങ്ങി. പോക്കൊ എന്ന ബ്രാന്‍ഡില്‍ ഉഗ്രന്‍ ഫോണുകള്‍ വിപണിയിലെത്തി. പറഞ്ഞുവരുമ്പോള്‍ വണ്‍പ്ലസിന് നേരിട്ട് ഒരു എതിരാളി എന്ന നിലയില്‍ത്തന്നെ! വണ്‍പ്ലസ് 6ടി പുറത്തിറങ്ങിയപ്പോള്‍ തങ്ങളുടെ പോക്കൊ എഫ്1 എന്ന മോഡലുമായുള്ള താരതമ്യം കമ്പനിതന്നെ പുറത്തുവിട്ടു. നെവര്‍ സെറ്റില്‍ ഫോര്‍ ഓവര്‍ പ്രൈസ്ഡ് എന്ന് പോക്കൊ പറയുന്നു. നിങ്ങള്‍ കണക്കുകൂട്ടൂ, വേഗതയുടെ രാജാവിനെ സ്വന്തമാക്കൂ എന്നുള്ള വാചകങ്ങളും കമ്പനിവകയായി പുറത്തുവന്നു. സെറ്റില്‍ എന്ന വാക്ക് ഉപയോഗിക്കുക എന്നാല്‍ വണ്‍പ്ലസിന് നേരിട്ടുള്ള കുത്ത് തന്നെ. നെവര്‍ സെറ്റില്‍ എന്നാണല്ലോ വണ്‍പ്ലസിന്റെ ആപ്തവാക്യം.
പ്രോസസ്സര്‍ മുതല്‍ ആരംഭിക്കുന്നു താരതമ്യം. ഇപ്പോള്‍ ലഭ്യമായ ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണ്‍ പ്രേസസ്സറായ സ്നാപ്ഡ്രാഗണ്‍ 845 ഇരു ഫോണുകള്‍ക്കും കരുത്തേകുന്നു. 6ടിയ്ക്ക് 64 ജിബി ആന്തരിക സംഭരണ ശേഷിയുള്ള വേരിയന്റ് ലഭ്യമല്ല. പോക്കോ എഫ്1 ആറ് ജിബി റാമും 64 ജിബി ആന്തരിക സംഭരണ ശേഷിയുമുള്ള വേരിയന്റിന് 20,999 രൂപയാണ് വില. 128 ജിബി ആന്തരിക സംഭരണ ശേഷിയും 6 ജിബി റാമുമുള്ള വണ്‍പ്ലസ് വേരിയന്റിന് 37,999 രൂപ വിലവരും.
നിര്‍മാണ നിലവാരത്തില്‍ വണ്‍പ്ലസ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത് എന്ന് കാണാം. എന്നാല്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ രണ്ട് കൊല്ലം പോലും തുടര്‍ച്ചയായി ഉപയോഗിക്കുമോ എന്ന ചോദ്യം മുന്നില്‍ വരുമ്പോള്‍ വണ്‍പ്ലസിന്റെ നിര്മാണത്തികവിന് അധിക പണം മുടക്കേണ്ടതുണ്ടോ എന്ന ചോദ്യമുയരുന്നു. ക്യാമറ സിസ്റ്റം വണ്‍ പ്ലസിന്റേത് പോക്കോയേക്കാള് വളരെ മികച്ചതാണ് എന്നത് വസ്തുതയാണ്. എന്നാല്‍ ബാറ്ററി കരുത്ത് വണ്‍പ്ലസിന്റേത് 3,700 എംഎഎച്ചും പോക്കോയുടേത് 4,000 എംഎഎച്ചുമാണ്.
ഒരിക്കലും ഫീച്ചേഴ്സിലുള്ള താരതമ്യം കൊണ്ട് ഇരുഫോണുകളേയും വിലയിരുത്താനാകില്ല. ബ്രാന്‍ഡ് വാല്യുവില്‍ പോക്കോയെക്കാള് കാതങ്ങള്‍ മുന്നിലാണ് വണ്‍പ്ലസ്. എന്നാല്‍ ഏകദേശം വണ്പ്ലസിനോടടുത്ത പെര്‍ഫോമന്‍സും അത്രയധികം പണം മുടക്കാനില്ലാത്തവര്‍ക്കും വാങ്ങാന്‍ പറ്റിയ ഫോണാണ് പോക്കോ. ഷവോമിയുടെ നാടെമ്പാടുമുള്ള സര്‍വീസ് സെന്ററുകള്‍ പോക്കോയ്ക്ക് പിന്തുണ നല്‍കുന്നുമുണ്ട്. അതുകൊണ്ടുതന്നെ പോക്കോ വണ്‍പ്ലസിന് തീര്‍ച്ചയായും വെല്ലുവിളിയുയര്‍ത്തും. ‘നെവര്‍ സെറ്റില്‍ ഫോര്‍ ഓവര്‍പ്രൈസ്ഡ്’ എന്ന ഒരു പ്രസ്താവന പോക്കോ കമ്പനി ട്വീറ്റ് ചെയ്യുകയുണ്ടായി. ഇത് ഉന്നം വയ്ക്കുന്നതും മറ്റൊന്നല്ല.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക