ശബരിമലയില്‍ പോയാല്‍ ബലാത്സംഗം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പുമായി ഡോക്ടറുടെ കാര്‍ട്ടൂണ്‍; സ്ത്രീവിരുദ്ധത കൊട്ടിഘോഷിച്ച് കേരളാ ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് ജേണല്‍
ശബരിമലയില്‍ പോകണം എന്ന ആഗ്രഹം പങ്കുവയ്ക്കുന്ന സ്ത്രീകളെ പരസ്യമായി അധിക്ഷേപിക്കുകയും ബലാത്സംഗ-വധ ഭീഷണികള്‍ മുഴക്കുകയും ചെയ്യുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളേയും കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ മലയാളി കണ്ടുകഴിഞ്ഞു. യാതൊരു വിധത്തിലുള്ള വിവേകവും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരുകൂട്ടം അക്രമികളുടെ ജല്പനമായി സാക്ഷര കേരളം ഇതിനെ തള്ളിക്കളയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇതേ സ്വരം കേരളാ ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനില്‍നിന്ന് പുറത്തുവരികയാണ്.

കെജിഎംഒഎ ജേണലിന്റെ ഒക്ടോബര്‍ ലക്കം 38-ാം പേജിലെ ഡോക്ടര്‍ പരാധീനന്റെ ലോകം എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ശബരിമല വിഷയത്തിലുള്ളതായിരുന്നു. ശബരിമല സന്നിധാനത്തും പമ്പയിലും ലൈംഗിക ശേഷിയുടെ പരിശോധന, ബലാത്സംഗത്തിനിരയായവര്ക്കുള്ള പരിശോധന എന്നിവയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് ഡോ. പി ജയദേവന് രചിച്ച കാര്‍ട്ടൂണിലെ പ്രധാന കഥാപാത്രം അഭിപ്രായപ്പെടുന്നത്.

ലേഡീ ഡോക്ടര്‍മാരും ഫീമേല്‍ നഴ്സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും.. നല്ല രസമായിരിക്കും എന്ന പ്രസ്താവനയോട് ക്ഷണിക പ്രണയത്തിനും സാധ്യതയുണ്ടെന്നാണ് പരാധീനന്റെ മറുപടി. ഇഹലോക ബന്ധങ്ങള്‍ വെടിഞ്ഞുള്ള ശബരിമല ഡ്യൂട്ടി ഇനി നടക്കില്ല എന്നും കാര്‍ട്ടൂണ്‍ പറഞ്ഞുവയ്ക്കുന്നു.
കെജിഎംഒഎ ജേര്‍ണലില്‍ വന്ന കാര്‍ട്ടൂണ്‍ കാര്‍ട്ടൂണിസ്റ്റിന്റെ കാഴ്ചപ്പാട് മാത്രമാണ്, സംഘടനയുടെ നിലപാടല്ല എന്ന ഒരു വിശദീകരണം സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കെജിഎംഒഎ ഒരു സ്ത്രീ വിരുദ്ധ നിലപാട് വെച്ച് പുലര്‍ത്തുന്ന സംഘടനയല്ല. ഇക്കാര്യത്തില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് കൂടുതല്‍ അവധാനത പുലര്‍ത്തേണ്ടതായിരുന്നു. ഉണ്ടായ ശ്രദ്ധക്കുറവില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും സംഘടന പറയുന്നു. എന്നാല്‍ നിരുത്തരവാദപരമായ രീതിയിലുള്ള കാര്‍ട്ടൂണ്‍ കെജിഎംഒഎ ജേണലില്‍ പ്രത്യക്ഷമായത് സൈബര്‍ ലോകത്ത് വലിയ കോലാഹലങ്ങള്‍ക്കാണ് വഴിവയ്ക്കുന്നത്. കാര്‍ട്ടൂണിസ്റ്റും കെജിഎംഒഎയും മാപ്പുപറഞ്ഞേ തീരൂ എന്നും ആവശ്യമുയരുകയാണ്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക