കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ജോണി ജോണി യെസ് അപ്പയും ഈ ഓട്ടോക്കാരനും

കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം നിര്‍വഹിച്ച ജോണി ജോണി യെസ് അപ്പ തിയറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ആത്മബന്ധങ്ങളുടെ കഥ പറയുന്ന കുടുംബചിത്രം നര്‍മത്തില്‍ ചാലിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരപ്പന്റേയും മൂന്ന് മക്കളുടേയും ജീവിതമാണ് ജോണി ജോണി യെസ് അപ്പ. ജോണിയുടെ ജീവിതത്തിലേക്ക് ആദം എന്ന കൊച്ചു കഥാപാത്രം കടന്നു വരുന്നതും തുടര്‍ന്നുണ്ടാകുന്ന ഇവരുടെ ജീവിതമാറ്റവും വഴിത്തിരിവുകളുമാണ് ചിത്രം. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ സഹോദരങ്ങളായി എത്തുന്നത് ടിനി ടോമും ഷറഫുദ്ദീനുമാണ്. ചിത്രത്തില്‍ വളരെ വ്യത്യസ്ഥമായ കഥാപാത്രത്തെയാണ് ടിനി ടോം അവതരിപ്പിച്ചിരിക്കുന്നത്. അനുസിത്താരയാണ് നായിക. നീണ്ട ഇടവേളക്ക് ശേഷം ഗീത അഭിനയത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. വെളളിമൂങ്ങക്ക് ശേഷം ജോജി തോമസ് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വൈശാഖ് രാജനാണ്. ഷാന്‍ റഹ്മാനാണ് സംഗീതം.
ജോണി ജോണി യെസ് അപ്പയില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത ടിനി ടോം ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്ക് വെച്ച് സംസാരിക്കുന്നു.

നര്‍മത്തില്‍ ചാലിച്ചെടുത്ത ജോണി ജോണി യെസ് അപ്പ കുടുംബ പ്രേക്ഷകരും ഏറ്റെടുത്തിട്ടുണ്ട്. ചിത്രത്തിലെ ഓട്ടോക്കാരനിലേക്കുള്ള കടന്നുവരവ് എങ്ങിനെയായിരുന്നു ?
ചേട്ടനനിയന്മാരുടെ കഥ പറയുന്ന ചിത്രമാണ് ജോണി ജോണി യെസ് അപ്പ. ഇതുവരെ ചെയ്ത ക്യാരക്ടറില്‍ നിന്നും വ്യത്യസ്ഥമായ വേഷമാണിതില്‍ ചെയ്തിട്ടുള്ളത്. കോമഡിയുണ്ടെങ്കിലും സീരിയസ് ആയി അഭിനയിച്ച കുറേ മുഹൂര്ത്തങ്ങളുണ്ടിതില്. ഞാന്‍ ആദ്യമായാണ് ഓട്ടോ ഡ്രൈവറായി അഭിനയിക്കുന്നത്. ഈ ക്യാരക്ടര്‍ ചെയ്തതില്‍ അഭിമാനവും സന്തോഷവുമുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ടു നില്ക്കുന്ന സാധാരണക്കാരാന്റെ വേഷം ചെയ്യാനാണ് എനിക്കിഷ്ടം. ഒരു സാധാരണക്കാരനായി ജീവിക്കുന്നതുകൊണ്ട് തന്നെ ഇത്തരം കഥാപാത്രങ്ങള്‍ വേഗത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഓട്ടോക്കാരന്റെ ദൈന്യതയും ദാരിദ്ര്യവും ഒക്കെ മനസറിഞ്ഞ് ചെയ്യാന്‍ സാധിച്ചിരുന്നു. ക്യാരക്ട്ടറില് നിന്ന് വിട്ടുപോകാതെ ടിനി ടോമിനെ അതില്‍ കാണരുതെന്നുറപ്പിച്ചായിരുന്നു അഭിനയിച്ചത്. അത് സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്
ഹിറ്റുകള്‍ മാത്രം സമ്മാനിച്ച മാര്‍ത്താണ്ഡന്‍ എന്ന സംവിധായനോടൊപ്പമുള്ള അനുഭവം എങ്ങനെയായിരുന്നു ?
മാര്‍ത്താണ്ഡന്‍ ഒരുപാട് വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ള സുഹൃത്താണ്. സിനിമയിലെത്തുന്നതിന് മുമ്പേ പരിചയമുള്ളവരാണ്. രഞ്ജിയേട്ടന്റെ പ്രാഞ്ചിയേട്ടന് മുതലുള്ള പരിചയമാണ് ഇന്ന് ജോണിയില്‍ എത്തി നില്‍ക്കുന്നത്. ഇന്ത്യന്‍ റുപ്പിയിലെ വേഷം വിളിച്ച് പറഞ്ഞതും മാര്‍ത്താണ്ഡനായിരുന്നു. അന്ന് മുതല്‍ അഭിനയത്തിലെ പാകപ്പിഴകള്‍ തിരുത്തി തന്നിരുന്ന ആളായിരുന്ന മാര്‍ത്താണ്ഡന്‍. എന്നിലെ നടനെ കണ്ടെത്തണമെന്നും ഉയര്ത്തിക്കൊണ്ടുവരണെമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്ന വ്യക്തികൂടിയാണ്. സിനിമയിലുട നീളം തന്നെ കൂടെയുണ്ടായിരുന്നു ഞാന്‍. തിരക്കഥാകൃത്ത് ജോജിയെയും മാര്ത്തണ്ഡനെയും പരിചയപ്പെടുത്തിയത് ഞാനായിരുന്നു. അതുകൊണ്ട് തന്നെ തിരക്കഥ മുതല്‍ സിനിമക്കൊപ്പം ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ മൂന്ന് ചേട്ടനനിയന്മാരില് ഒരാളാവണം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ഒരു സൗഹൃദ കൂട്ടായ്മയായിരുന്നു ഈ സിനിമ.

വരാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍
രഞ്ജിത്തിന്റെ ഡ്രാമയാണ് അടുത്ത് വരുന്ന സിനിമ. രഞ്ജിയേട്ടന്റെ എല്ലാ പടങ്ങളിലും എന്നെ ഭാഗമാക്കാറുണ്ട്. ജോണി ജോണി യെസ് അപ്പയിലെ ഓട്ടോറിക്ഷാ ഡ്രൈവറില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ കഥാപാത്രമാണിതില്‍. ഓസ്ട്രേലിയയിലെ ഓരു ബിസിനസ്കാരനായാണ് ഇതില്‍ എത്തുന്നത്. കൂടാതെ പുതുമുഖങ്ങളെ മാത്രം അണിനിരത്തിയുള്ള സുജിത്ത് വാസുദേവിന്റെ ഓട്ടോറിക്ഷ എന്ന സിനിമ, രാജന്കൊലക്കേസിന്റെ കഥപറയുന്ന കാറ്റുവിതച്ചത് എന്ന സിനിമ, ഇന്റര്‍നാഷണല്‍ ലോക്കല്‍സ്, പള്ളീലച്ചന്റെ വേഷത്തില്‍ എത്തുന്ന സകലകലാശാല എന്ന ക്യാമ്പസ് ചിത്രം എന്നിങ്ങനെയാണ് ചിത്രങ്ങള്‍.
അരപ്പാമ എന്ന തമിഴ് ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വേഷം ചലഞ്ചിംഗായിരുന്നോ ?
അരപ്പാമയിലെ ട്രാന്‍സ്ജെന്‍ഡര്‍ വേഷം ഏറെ അഭിനയ സാധ്യതകളുള്ള ഒന്നാണ്. ആ രൂപത്തിലേക്ക് എത്തിപ്പെടാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.മേജര്‍ രവിയുടെ അസോസിയേറ്റും കോസ്റ്റ് ഗാര്‍ഡിലെ ഉദ്യോഗസ്ഥനുമായ പ്രശാന്താണ് അരപ്പാമയുടെ സംവിധാനം. ക്യാരക്ടറാവാന്‍ വേണ്ടി ട്രാന്സ്ജെന്ഡേഴ്സിനെ ഒബ്സര്‍വ്വ് ചെയ്തിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വേഷം ചലഞ്ചിംഗ് തന്നെയായിരുന്നു.
മിമിക്രിയില്‍ നിന്നും സിനിമയിലെത്തിയ നടന്മാര് ഇപ്പോള്‍ സംവിധാന രംഗത്തും സജീവമാണ്. അത്തരത്തില്‍ സംവിധാന രംഗത്തേക്കൊരു കടന്നുവരവ് പ്രതീക്ഷിക്കാമോ ?
സിനിമയില്‍ ആക്ടര്‍ എന്ന രംഗത്ത് തന്നെ പേരെടുക്കണം എന്നാണ് ആഗ്രഹം. ഡയറക്ടര്‍ ആവണമെങ്കില്‍ അതിന്റേതായ സമയമെടുത്ത് തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. അതിന് സിനിമയില്‍ നിന്ന് ഇടവേളയെടുക്കേണ്ടി വരും. അത് അഭിനയത്തെ ബാധിക്കും. എന്നിരുന്നാലും എഴുത്ത് ഇഷ്ടമാണ്. ഒരു വിഷയം മനസിലുണ്ട്. ഒരുപാട് ചിന്തിച്ച് പഠിച്ച് ചെയ്യേണ്ട വിഷയമായതിനാല്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുമുണ്ട്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക