രാത്രിയില്‍ ചൈനക്ക് വെളിച്ചമേകാന്‍ ഇനി കൃത്രിമ ചന്ദ്രനും

ബീജിംഗ് : തെരുവു വിളക്കുകളെ പോലെ ദിവസവും ആകാശത്തു നിന്ന് പ്രകാശം പരത്താന്‍ സാധിക്കുന്ന കൃത്രിമ ചന്ദ്രനെ ഒരുക്കുകയാണ് ചൈന. 2020 ഓടെയാണ് കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്വാന്‍ പ്രവിശ്യയിലുള്ള ചെംഗ്ടു നഗരത്തില്‍ ഇല്ല്യുമിനേഷന്‍ സാറ്റലൈറ്റ് വികസിപ്പിക്കാനരംഭിച്ചിട്ടുണ്ട്. നഗരത്തിലെ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ ഉപയോഗിക്കുന്ന വൈദ്യുതി ലാഭിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ലോകത്തെ തന്നെ ആദ്യത്തെ മനുഷ്യ നിര്‍മിത ചന്ദ്രന്‍ സിച്വാനിലെ ചിയാംഗ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് വിക്ഷേപിക്കുക. ചന്ദ്രനോടൊപ്പം തന്നെ ഈ കൃത്രിമ ചന്ദ്രനും പ്രകാശം പരത്തും. ചന്ദ്രനില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ എട്ട് മടങ്ങ് പ്രകാശം ഇതിന് ഉണ്ടായിരിക്കുമെന്ന് ചൈന ഡെയ്‌ലി പത്രം റിപ്പോര്‍ട്ട് ചെയ്തു.

വര്‍ഷം 17 കോടി ഡോളര്‍ വരുമാനമായി ലഭിക്കുമെന്നാണ് കരുതുന്നത്. 50 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ഇത് പ്രകാശം പരത്തും. സൂര്യനില്‍ നിന്നുള്ള വെളിച്ചം പ്രതിഫലിപ്പിച്ചാണ് ഈ ചന്ദ്രനും പ്രകാശം പരത്തുക. ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് സഹായകരമാകുമെന്നാണ് കരുതുന്നത്. ആദ്യപരീക്ഷണം വിജയിച്ചാല്‍ 2022 ഓടെ മൂന്ന് ചന്ദ്രന്മാരെ കൂടി വിക്ഷേപിക്കുമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന തിയാന്‍ ഫു ന്യൂ ഏരിയ സയന്‍സ് സൊസൈറ്റിയുടെ മേധാവി വു ചുന്‍ഫെംഗ് പറഞ്ഞു.

എന്നാല്‍, ഈ കൃത്രിമ ചന്ദ്രന്‍ പ്രകാശിക്കാന്‍ തുടങ്ങുന്നതോടെ രാവും പകലും വ്യത്യസ്ഥമല്ലാതാകും. ഇത് ആവാസ വ്യവസ്ഥക്ക് ഭീഷണിയാണെന്നും, രാത്രി കാലങ്ങളില്‍ ഇരപിടിക്കാനിറങ്ങുന്ന ജീവികളെ ബാധിക്കുമെന്നും ചൂണ്ടിക്കാണ്ടി നിരവധി വിമര്‍ശനവും പദ്ധതിക്കെതിരെയുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top