ബ്രൂവറി വിഷയത്തിലെ പത്ത് ചോദ്യങ്ങള്‍; പ്രതിപക്ഷ നേതാവിന്റെ കത്ത് പരിശോധിച്ച ശേഷം മറുപടി പറയുമെന്ന് എക്സൈസ് മന്ത്രി

കോഴിക്കോട്: ബ്രൂവറി വിഷയം പ്രതിപക്ഷ നേതാവിന്റെ കത്ത് പരിശോധിച്ച ശേഷം മറുപടി പറയുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്. അഴിമതി നടന്നുവെന ആരോപണം തള്ളുന്നു. അഴിമതി നടത്തുന്ന ആളുകളായതുകൊണ്ടാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും ടിപി രാമകൃഷ്ണന് കോഴിക്കോട് പറഞ്ഞു.
ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണത്തിനുള്ള മറുപടി പിന്നീട് നല്‍കും. ആരോപണം ഉന്നയിച്ചവർ അത് തെളിയിക്കണം. ഇടതു മുന്നണിയുടെ മദ്യനയം അനുസരിച്ചാണ് ബ്രൂവറികൾക്കും ഡിസ്റ്റിറ്റലറികൾക്കും അനുമതി നൽകിയതെന്നും യുഡിഎഫ് ഭരണകാലത്തു ശീലം വെച്ച് എൽ ഡി എഫ് മന്ത്രിമാരെയോ സർക്കാറിനെയോ വിലയിരുത്തരുതെന്നും ടി പി രാമകൃഷ്ണൻ പ്രതികരിച്ചു

ഘടക കക്ഷികളെപ്പോലും അറിയിക്കാതെയും മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയും നടത്തിയ ബ്രൂവറി ഇടപാടില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇത് സംബന്ധിച്ച് അക്കമിട്ട് നിരത്തി ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിയോ എക്സൈസ് മന്ത്രിയോ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നും അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന മട്ടില്‍ മറ്റെന്തെക്കയോ കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് എക്സൈസ് മന്ത്രി ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് പത്തു ചോദ്യങ്ങള്‍ അടങ്ങിയ കത്തും നല്‍കിയിരുന്നു.
ബ്രൂവറി ഡിസ്റ്റിലറികള്‍ അനുവദിച്ചതില്‍ സമഗ്രമായ അന്വേഷണം വേണമെന്നും 1999 ല്‍ നിര്‍ത്തിവെച്ച ബ്രൂവറികള്‍ക്ക് ആരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അനുമതി നല്കാന് സര്‍ക്കാര്‍ തയ്യാറായതെന്നും, ചെന്നിത്തല ചോദിച്ചു. തന്റെ ചോദ്യങ്ങള്‍ക്ക് എക്സൈസ് മന്ത്രിക്ക് മറുപടിയില്ലെന്നും ബ്രൂവറികള്‍ സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവിടാന്‍ എക്സൈസ് മന്ത്രി തയ്യാറാകുമോയെന്നും ചെന്നിത്തല ആരാഞ്ഞു. ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതില്‍ വലിയ അഴിമതി നടന്നിരിക്കുന്നുവെന്നും ഇതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയും, രണ്ടാം പ്രതി എക്സൈസ് മന്ത്രിയുമാണെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി ടിപി രാമകൃഷ്ണന് നേരത്തെ വ്യക്തമാക്കിയിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്. ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചത് നിയമവിധേയമായാണ്. ഇതില്‍ യാതൊരുവിധ അഴിമതിയും നടന്നിട്ടില്ലെന്നും ടിപി രാമകൃഷ്ണന് പറഞ്ഞു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക