ഫിഷറീസ് ആക്ട് ലംഘിച്ച് മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ പരമ്പരാഗത മത്സ്യ തൊഴിലാളികല്‍ രംഗത്ത്

കൊല്ലം: കേരളാ മറൈന്‍ ഫിഷറീസ് ആക്ട് ലംഘിച്ച് മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ കൊല്ലം തീരത്തെ പരമ്പരാഗത മത്സ്യ തൊഴിലാളികല്‍ രംഗത്ത്. യന്ത്രവല്‍കൃത ബോട്ടുകള്‍ തീരത്തോട് ചേര്‍ന്ന് 9 മീറ്റര്‍ ആഴത്തില്‍ മത്സ്യ ബന്ധനം ആരംഭിച്ചതോടെയാണ് പ്രതിഷേധവുമായി പരമ്പരാഗത മത്സ്യതൊഴിലാളികള്‍ രംഗത്തെത്തിയത്.

കേരള മറൈന്‍ ഫിഷറീസ് ആക്ട് പ്രകാരം കൊല്ലം പരവൂര്‍ മുതല്‍ മഞ്ചേശ്വരം വരെ കടലില്‍ 20 മീറ്റര്‍ ആഴമുള്ള സ്ഥലം മുതലെ യന്ത്രവല്‍കൃത ബോട്ടുകള്‍ മത്സ്യ ബന്ധനം നടത്താവൂ. 20 മീറ്ററില്‍ താഴെയുള്ള സ്ഥലങ്ങളില്‍ പരമ്പരാഗത മത്സ്യ തൊഴിലാളികളും. എന്നാല്‍ 9 മീറ്റര്‍ ആഴമുള്ള ഭാഗം മുതല്‍ കൊല്ലം തീര പ്രദേശത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ മത്സ്യബന്ധനം ആരംഭിച്ചതോടെ തങ്ങള്‍ക്ക് മത്സ്യം ലഭിക്കുന്നില്ലെന്നാണ് പരമ്പരാഗത മത്സ്യതൊഴിലാളികളുടെ പരാതി.

പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ പരാതിയെ തുടര്‍ന്ന് നിയമം ലംഘിച്ച ബോട്ടുകല്‍ക്കെതിരെ തീരദേശ പൊലീസ് നടപടി ആരംഭിച്ചു.നിയമ ലംഘനം നടത്തുന്ന ബോട്ടുടമകളില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപയാണ് പിഴ ഇടാക്കുന്നത്. നിയമം ലംഘിക്കുന്ന ബോട്ടുകളെ പിടികൂടാന്‍ ഫിഷറീസ് വകുപ്പിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും നേതൃത്വത്തില്‍ രാത്രികാലങ്ങളിലും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top