ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണ് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണം

ദില്ലി: ഐഎസ്ആര്‍ഒ ചരക്കേസില്‍ നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് സുപ്രിം കോടതി. നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്.  സിബി മാത്യൂസ്, കെകെ ജോഷുവ, എസ് വിജയന്‍ എന്നീ ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കി നല്‍കണം എന്നാണ് നമ്പി നാരായണന്‍ ഹര്‍ജിയിലെ ആവശ്യം.

അറസ്റ്റ് അനിവാര്യമായിരുന്നു എന്ന് കോടതി പറഞ്ഞു. കൂടാതെ ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. റിട്ടയേഡ് ജസ്റ്റിസ് ഡികെ ജെയിനിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അന്വേഷണം നടത്തുക. സിബി മാത്യൂസ്, കെകെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരായാണ് അന്വേഷണം. കമ്മിറ്റിയില്‍ കേന്ദ്ര, സംസ്ഥാന പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ചെലവ് കേന്ദ്ര സര്‍ക്കാരാണ് വഹിക്കേണ്ടത്.

1994 ല്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ചാരക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് നമ്പി നാരായണന്റെ ഹര്‍ജി. അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെകെ ജോഷ്‌വ, എസ് വിജയന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ കണ്ടെത്തിയതിനാല്‍ നടപടി വേണമെന്നാണ് ആവശ്യം. നടപടി വേണ്ടെന്ന് 2012ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഡിവിഷന്‍ ബഞ്ച് സര്‍ക്കാര്‍ നടപടി ശരിവച്ചിരുന്നു.

നമ്പി നാരായണന് 50 ദിവസത്തോളം ജയിലില്‍ കഴിയേണ്ടി വന്ന കേസില്‍ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ഇടത് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാതെ തീരുമാനം കോടതിക്ക് വിട്ടു. ഔദ്യോഗിക ചുമതല നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെനായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top