കൊല്ലം തുറമുഖത്ത് യാത്രാ കപ്പലുകള്‍ എത്തിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിന്  ഉദ്യോഗസ്ഥര്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി

മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച

കൊല്ലം: സംസ്ഥാനത്തെ ഏറ്റവും വലിയ തുറമുഖമായ കൊല്ലം തുറമുഖത്ത് യാത്രാ കപ്പലുകള്‍ എത്തിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയുമായി കൊല്ലത്ത് ചര്‍ച്ച നടത്തി. തുടര്‍ന്ന് തുറമുഖത്തിന്റെ സൗകര്യങ്ങള്‍ സംഘം മന്ത്രിക്കൊപ്പം നേരില്‍ സന്ദര്‍ശിച്ചു.

കൊല്ലം തുറമുഖത്തിന് പത്ത് നോട്ടിക്കല്‍ മൈല്‍ ഉള്ളിലാണ് രാജ്യാന്തര കപ്പല്‍ ചാല്‍. പ്രതിദിനം നിരവധി കപ്പലുകള്‍ തുറമുഖത്തിന് മുന്നിലൂടെ കടന്ന് പോകുന്നത്. പക്ഷേ കപ്പലുകള്‍ കൊല്ലം തുറമുഖത്ത് നങ്കൂരമിടില്ല. സംസ്ഥനത്തെ തുറമുഖങ്ങളില്‍ ഏറ്റവും നീളം കൂടിയ വാര്‍ഫും പാസഞ്ചര്‍ ടെര്‍മിനലും കൊല്ലം തുറമുഖത്ത് ഉണ്ടായിട്ടും ചരക്ക്, യാത്രാ കപ്പലുകള്‍ എത്തിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് തുറമുഖ വകുപ്പ് മുന്‍ കൈഎടുത്ത് ലക്ഷദ്വീപില്‍ നിന്ന് യാത്ര കപ്പല്‍ എത്തിക്കുന്നതിന് ശ്രമം ആരംഭിച്ചത്.

ടാന്‍സാനിയയില്‍ നിന്ന് തോട്ടണ്ടിയുമായി ഒരു തവണ കപ്പല്‍ വന്നതൊഴിച്ചാല്‍ പിന്നീട് അതും നിലച്ചു. കൊല്ലത്തിന്റെ ടൂറിസം സാധ്യതകള്‍ മുന്നില്‍ കണ്ടാണ് യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നത്. ചരക്ക് കപ്പല്‍ സര്‍വ്വീസും ഉടന്‍ ആരംഭിക്കാനാകുമെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് സമാന്തരമായി കൊല്ലം തുറമുഖം കൂടി വികസിച്ചാല്‍ കരിമണല്‍, കശുവണ്ടി വ്യവസായങ്ങളുടെ ഈറ്റില്ലമായ കൊല്ലത്തിന് അത് മുതല്‍ കൂട്ടാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top