ബലാത്സംഗത്തിന് ഇരയായവര്‍ക്കെതിരെ സംസാരിച്ച് പിസി ജോര്‍ജ്ജ് റിപ്പബ്ലിക് ചാനലില്‍; സ്വയം അപമാനിതനായും കേരളത്തെ അപമാനിച്ചും പൂഞ്ഞാര്‍ എംഎല്‍എ (വീഡിയോ)

റിപ്പബ്ലിക് ചാനലിലെത്തി സ്വയം അപമാനിതനായും കേരളത്തെ അപമാനിച്ചും പിസി ജോര്‍ജ്ജ്. ബലാത്സംഗത്തിന് ഇരയായവരെ അപമാനിക്കുന്ന നിലപാടുകള്‍ തന്നെയാണ് അദ്ദേഹം അവിടെയും സ്വീകരിച്ചത്. മാതൃഭാഷയിലുള്ള ചര്‍ച്ച അല്ലാതിരുന്നതിനാല്‍ തെറിവിളിച്ച് ചര്‍ച്ചയില്‍ മേല്‍ക്കൈ നേടാന്‍ പിസിക്ക് കഴിഞ്ഞില്ല. ഇതോടെ പിസി ജോര്‍ജ്ജിനെ വിജയിപ്പിച്ചവര്‍ എന്ന നിലയില്‍ മലയാളികളാകെ അപമാനിതരായി. എന്നാല്‍ താന്‍ സ്വതന്ത്രനാണെന്ന് ആവര്‍ത്തിച്ച് അദ്ദേഹം പറഞ്ഞതിനാല്‍ ഇടത്-വലത് മുന്നണികളുടെ പിന്തുണ ജോര്‍ജ്ജിനില്ല എന്നത് കാണികള്‍ക്ക് വ്യക്തമായി.

സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് അറിയാമെന്നായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നായിരുന്നു പിസി ജോര്‍ജിന്റെ ചോദ്യം.

കേരളാ പൊലീസിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത്. പുരുഷന്മാരെ കുടുക്കാന്‍ സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ജോര്‍ജ് പറഞ്ഞിരുന്നു. പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ല. പീഡനം നടന്നദിവസം തന്നെ അവര്‍ കന്യകയല്ലാതായിയെന്നും അദ്ദേഹം പറഞ്ഞു.

പിസി ജോര്‍ജ്ജിനെതിരെ ദേശീയ വനിതാകമ്മീഷന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്ഥിരമായി പിസിയുടെ വായമൂടാന്‍ സംസ്ഥാന സര്‍ക്കാറും നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതിക്രമത്തിന് ഇരയാകുന്നവരെ പിസി അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും ആദ്യമായല്ല.

റിപ്പബ്ലിക് ചാനലില്‍ അദ്ദേഹം പങ്കെടുത്ത ചര്‍ച്ച താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top