പത്തനാപുരത്ത് കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീ സൂസന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: പത്തനാപുരത്ത് കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീ സൂസന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അന്നനാളത്തില്‍ നിന്ന് നാഫ്ത്തിലിന്‍ ഗുളിക കണ്ടെടുത്തു. ഇടതുകൈത്തണ്ടയിലേത് ആഴത്തിലുള്ള മുറിവെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

കൊല്ലം മൗണ്ട് തബോര്‍ കോണ്‍വെന്റ് കന്യാസ്ത്രീ മഠത്തിലെ കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസന്റേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം പൊലീസ് നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. മരണകാരണത്തെക്കുറിച്ചുള്ള പൊലീസ് അനുമാനങ്ങളിങ്ങനെ.

നാളുകളായി ഉദരസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കന്യാസ്ത്രീ ഇതില്‍ കടുത്ത മാനസികപ്രയാസത്തിലുമായിരുന്നു. ശനിയാഴ്ച തിരുവല്ലയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ബന്ധുക്കളെ വിളിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വിഷമത്തിലാണെന്ന് പറയുകയും ചെയ്തു. ഇതിന് ശേഷം ഇടതുകൈത്തണ്ട മുറിച്ച് കന്യാസ്ത്രീ ആത്മഹത്യയ്ക്കു ശ്രമിച്ചിരിക്കാം. ഇത് വിജയിക്കാതെ വന്നതോടെ വലതുകൈയിലും മുറിവുണ്ടാക്കി. ഇടതുകൈയിലേത് ആഴത്തിലുള്ള മുറിവായിരുന്നു.

വേദന വന്നതോടെ നാഫ്തലിന്‍ ഗുളിക കഴിച്ചു. ഇതിന് ശേഷം മുറിയില്‍ നിന്നും ഇറങ്ങിയോടി കിണറിനുള്ളിലേക്ക് ചാടി. മുറിക്കുള്ളിലും കിണറിന്റെ പടികളിലും രക്തക്കറ കണ്ടെത്തിയതിന്റെ കാരണം ഇതായിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. മരണകാരണം ശ്വാസ നാളത്തില്‍ വെള്ളം കയറിയാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പുനലൂരിലേക്ക് കൊണ്ടു പോയി. പത്തനാപുരത്താണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top