ഉറുമിയ്ക്കു ശേഷം വീണ്ടുമൊരു മലയാളചിത്രവുമായി സന്തോഷ് ശിവന്‍; മഞ്ജു വാരിയരും കാളിദാസ് ജയറാമും പ്രധാന വേഷത്തില്‍ എത്തുന്നു

2011’ല്‍ റിലീസായ ‘ഉറുമി’ എന്ന ഹിസ്റ്റോറിക് ത്രില്ലറിനു ശേഷം വീണ്ടുമൊരു മലയാളചിത്രവുമായി ലോകോത്തര ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ എത്തുകയാണ്. സന്തോഷ് ശിവന്‍ തന്നെ ക്യാമറയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിന്‍ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ദുബായിലുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ്ശിവന്‍ ഈ ചിത്രം തയ്യാറാക്കുന്നത്.

ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഒക്ടോബര്‍ 20’ന് ആലപ്പുഴ ഹരിപ്പാടില്‍ ചിത്രീകരണം ആരംഭിക്കുന്നതാണ്. കേരളത്തിലെ പല ഭാഗങ്ങളെക്കൂടാതെ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്. സന്തോഷ് ശിവനും, മഞ്ജു വാരിയരും ഒന്നിക്കുന്ന ആദ്യചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷിക്കാവുന്ന സംഗതികളാണ് ചിത്രത്തിലുള്ളത്. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ദര്‍ ഉള്‍പ്പെടെയുള്ള വലിയൊരു ടീമാണ് ഇതിനു വേണ്ടി സന്തോഷ് ശിവന്റെയൊപ്പം അണിനിരക്കുന്നത്.

വിദേശ ചിത്രങ്ങളുടെ തിരക്കിലായിരുന്ന സന്തോഷ് ശിവന്‍, മലയാളത്തില്‍ സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ടിട്ടുള്ള ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിനു മുന്‍പ് ഇത് ചെയ്തു തീര്‍ക്കാനാണ് ആലോചന. ‘അനന്തഭദ്രം’ (2005), ‘ഉറുമി’ (2011) എന്നീ സിനിമകളുടെ സാങ്കേതിക പരിപൂര്‍ണ്ണതയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലും മറ്റും ഇന്നും ചര്‍ച്ചകള്‍ നടക്കുകയാണ്. അവയൊക്കെ പ്രേക്ഷകരില്‍ ഉണ്ടാക്കിയ ചലനം വളരെ വലുതാണ്.

നിലവില്‍ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ നായകവേഷത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാളിദാസ് ജയറാമിനെ സംബന്ധിച്ച് കിട്ടാവുന്ന ഏറ്റവും മികച്ച കഥാപാത്രമാണ് സന്തോഷ് ശിവന്‍ ചിത്രത്തിലേത്. ആഷിക് അബുവിന്റെ ‘വൈറസ്’ ഉള്‍പ്പെടെ ഒരു പിടി ഗംഭീര ചിത്രങ്ങള്‍ കരിയര്‍ ബാഗിലുണ്ടെങ്കിലും ഒരു സന്തോഷ് ശിവന്‍ ചിത്രത്തിന് എത്രത്തോളം ലോകശ്രദ്ധ കിട്ടുമെന്നതും കാളിദാസ് ജയറാമിന് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ്. മഞ്ജു വാരിയരോടും, കാളിദാസ് ജയറാമിനോടൊമൊപ്പം ഏറെ ശ്രദ്ധേയമായ ഒരു വേഷമാണ് ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ ചെയ്യുന്നത്. സൗബിന്റെ കരിയര്‍ ബെസ്റ്റ് തന്നെയാകും പ്രസ്തുത സന്തോഷ് ശിവന്‍ ചിത്രം.

ചിത്രത്തിലെ അണിയറപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മണിരത്‌നംസന്തോഷ് ശിവന്‍’ കൂട്ടുകെട്ടിലെ ചിത്രമായ ‘ചെക്ക ചിവന്ത വാനം’ റിലീസിനു (സെപ്റ്റംബര്‍ 28) ശേഷം പ്രസ്തുത മലയാള ചിത്രത്തെ കുറിച്ചുള്ള മറ്റു വിശേഷങ്ങള്‍ വെളിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top