പത്തനാപുരത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊല്ലം: കൊല്ലം പത്തനാപുരത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റ്‌മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഇന്ന് നടക്കും. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിലെ അസ്വാഭാവികത സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം. സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. മഠത്തില്‍ നിന്ന് ശേഖരിച്ച സിസ്റ്റര്‍ സൂസണ്‍ മാത്യുവിന്റെ മുടിയിഴകളും രക്തക്കറയും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.

ഇന്നലെ രാവിലെയോടെയാണ് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ സൂസന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്. കിണറിനു സമീപത്തായി രക്തക്കറയും വലിച്ചിഴച്ചതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ ഇരു കൈത്തണ്ടകളിലും മുറിവ് കണ്ടെത്തി.  കിണറിനു സമീപം രക്തപാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കന്യാസ്ത്രീയുടെ മുടി മുറിച്ചനിലയിലാണ്. ഇവരുടെ മുറിയില്‍ നിന്നും മുടി കണ്ടെത്തിയിട്ടുണ്ട്. കന്യാസ്ത്രീയുടെ മരണം ആത്മഹത്യയാണെന്നാണ് മഠത്തിന്റെ വിശദീകരണം.

പത്തനാപുരം സെന്റ് സ്റ്റീഫന്‍ സ്‌കൂളില്‍ 25 വര്‍ഷമായി അധ്യാപികയായി ജോലി ചെയ്യുകയാണ് സൂസന്‍ മാത്യു. ഒരാഴ്ചയായി ജോലിയില്‍ അവധിയിലായിരുന്ന സിസ്റ്റര്‍ വെള്ളിയാഴ്ചയാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top