സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍: ചെന്നിത്തല

രമേശ് ചെന്നിത്തല

കൊച്ചി: സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയതോടെ സംസ്ഥാനം നാഥനില്ലാ കളരിയായെന്നും ചെന്നിത്തല ആരോപിച്ചു. ദുരന്തത്തില്‍പ്പെട്ടവരെ പോലും ധനസഹായത്തില്‍ നിന്നൊഴിവാക്കിയെന്ന പരാതി വ്യാപകമാണെന്നും, ഇത് ഗൗരവമേറിയ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ അഞ്ചാം തീയതിക്കുള്ളില്‍ ദുരിതബാധിതര്‍ക്ക് പതിനായിരം രൂപ നല്‍കുമെന്നാണ് സര്‍ക്കാര്‍ അന്തിമമായി അറിയിച്ചത്. ഈ ആശ്വാസ തുക നല്‍കിയില്ലെന്ന് മാത്രമല്ല എന്ന് നല്‍കുമെന്ന് പോലും അറിയിച്ചിട്ടില്ല. സന്നദ്ധസംഘടനകളും സന്മനസുള്ളവരും നിറഞ്ഞ മനസോടെ നല്‍കിയ സംഭാവന കൊണ്ടാണ് ക്യാമ്പുകള്‍ നടന്നുപോയത്. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ താളം കിടക്കുന്നു. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയതോടെ സംസ്ഥാനം നാഥനില്ലാ കളരിയായി. മുഖ്യമന്ത്രിക്ക് ആരെയും വിശ്വാസമില്ലാത്ത് മൂലമാണ് ആര്‍ക്കും ചുമതല നല്‍കാതിരുന്നത്. മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി, മന്ത്രി സഭായോഗം പോലും വിളിക്കാനാകാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം പ്രഖ്യാപിച്ച തുക പോലും നേരെ ചൊവ്വേ വിതരണം ചെയ്യാനറിയാത്ത റവന്യു വകുപ്പ് പൂര്‍ണ്ണ പരാജയം ആണെന്ന് ഒന്നു കൂടി തെളിയിച്ചു. ദുരന്തത്തില്‍പ്പെട്ടവരെ പോലും ധനസഹായത്തില്‍ നിന്നൊഴിവാക്കിയെന്ന പരാതി വ്യാപകമാണ്. ഇത് ഗൗരവമേറിയ വിഷയമാണ്. ഇപ്പോള്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നിര്‍ബന്ധിത പിരിവ് മാത്രമാണ് നടക്കുന്നത്. ഇതൊന്നും ശരിയല്ല. എല്ലാവരും കയ്യയച്ചു സഹായിക്കുന്നു. ജീവനക്കാര്‍ അവരുടെ മൂന്ന് ദിവസത്തെ ശമ്പളവും ഉത്സവ ബത്തയും സര്‍ക്കാരിന് നല്‍കിക്കഴിഞ്ഞു. ഇനിയും ഇവരെ ബുദ്ധിമുട്ടിക്കരുത്. തരുന്നവരില്‍ നിന്ന് വാങ്ങുന്നതില്‍ തെറ്റില്ല. പക്ഷെ ഭീഷണിപ്പിരിവ് അംഗീകരിക്കാന്‍ കഴിയില്ല, ചെന്നിത്തല വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top