പ്രളയ ദുരിതാശ്വാസത്തിന് പ്രത്യേക അക്കൗണ്ട്: ഉത്തരവ് പിന്‍വലിച്ചത് ദുരൂഹമെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന തുകയെല്ലാം പ്രത്യേക അക്കൗണ്ടിലൂടെ കൈകാര്യം ചെയ്യണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചതിലൂടെ പൊതുസമൂഹം കയ്യയച്ചു നല്‍കുന്ന തുക വകമാറ്റി ചിലവഴിക്കാനുള്ള സാധ്യത തുറന്നിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തിനകത്തും പുറത്തും നിന്ന് ദുരിതാശ്വാസത്തിനായി വന്‍ തുകകള്‍ പ്രവഹിക്കുന്നതിനിടിയില്‍ പ്രത്യേക അക്കൗണ്ട് വേണ്ടെന്ന് വച്ചത് സംശയത്തിനിട നല്‍കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

പ്രളയ ദുരിതാശ്വാസ ഫണ്ടിന് പ്രത്യേക അക്കൗണ്ട് വേണമെന്ന് പ്രതിപക്ഷം തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നതാണ്. തുക വകമാറ്റി ചിലവഴിക്കാതിരിക്കാനും ചിലവിടലില്‍ സുതാര്യത ഉറപ്പാക്കുന്നതിനും വേണ്ടിയായിരുന്നു ആ ആവശ്യം ഉന്നയിച്ചത്. സര്‍ക്കാര്‍ ആദ്യം ആവശ്യം നിരാകരിച്ചെങ്കിലും പിന്നീട് അംഗീകരിച്ച് പ്രത്യേക അക്കൗണ്ട് തുടങ്ങിയപ്പോള്‍ പൊതുസമൂഹത്തിന് ആശ്വാസമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊടുന്നനവെ അത് പിന്‍വലിച്ചിരിക്കുകയാണ്, ചെന്നിത്തല പറഞ്ഞു.

ഓഖി ദുരിതാശ്വാസ ഫണ്ട് പൂര്‍ണ്ണമായി ചിലവഴിക്കാതെ സര്‍ക്കാര്‍ കയ്യില്‍ വച്ചിരിക്കുന്ന സാഹചര്യത്തില്‍ സംശയം വര്‍ധിക്കുകയും ചെയ്യുന്നു. പ്രളയത്തിനുള്ള പണം വക മാറ്റുകയില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ തീരുമാനം പുനപരിശോധിച്ച് പ്രത്യേക അക്കൗണ്ട് വഴി തന്നെ എല്ലാ തുകയും കൈകാര്യം ചെയ്യണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top