കേരളത്തിലെ നാല് മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം: സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും

സുപ്രിം കോടതി

ദില്ലി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും. തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളെജ്, വയനാട് ഡിഎം മെഡിക്കല്‍ കോളെജ്, പാലക്കാട് പികെ ദാസ് മെഡിക്കല്‍ കോളെജ്, തിരുവനന്തപുരം എസ്ആര്‍ മെഡിക്കല്‍ കോളെജ് എന്നിവിടങ്ങളിലെ മെഡിക്കല്‍ പ്രവേശത്തിന് എതിരെയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രിം കോടതിയെ സമീപിച്ചത്.

പ്രസ്തുത കോളെജുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരുന്നു. വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഈ കോളെജുകള്‍ക്ക് അഫിലിയേഷന്‍ നിരസിച്ചത്. എന്നാല്‍ അല്‍ അസര്‍ മെഡിക്കല്‍ കോളെജ്, ഡിഎം മെഡിക്കല്‍ കോളെജ്, പികെ ദാസ് മെഡിക്കല്‍ കോളെജ്, എന്നിവിടങ്ങളില്‍ 150 സീറ്റുകളിലേക്കും തിരുവനന്തപുരം എസ്ആര്‍ മെഡിക്കല്‍ കോളെജില്‍ 100 സീറ്റുകളിലേക്കും വിദ്യാര്‍ത്ഥി പ്രവേശനം നടത്താന്‍ കേരള ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു. ഈ ഉത്തരവാണ് സുപ്രിം കോടതി സ്‌റ്റേ ചെയ്തത്.

ഇതിന്റെ അടിസ്ഥാനത്തില്‍ 550 സീറ്റുകളിലേക്ക് ആരംഭിച്ച മോപ്പ് അപ് കൗണ്‍സിലിംഗ് നിര്‍ത്തിവെച്ചു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top