കന്യാസ്ത്രീയുടെ പരാതി; ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി

കോട്ടയം: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍. അന്വേഷണസംഘത്തിന് മേല്‍ യാതൊരു സമ്മര്‍ദ്ദവും ഇല്ല. രണ്ടാംഘട്ട ചോദ്യം ചെയ്യലായി അടുത്തയാഴ്ചയോടെ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്താനാണ് പൊലീസിന്റെ നീക്കം.

ജലന്തര്‍ കത്തോലിക്കാ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കുന്നത്. എന്നാല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ല. അന്വേഷണസംഘത്തിന് മേല്‍ ഒരു സമ്മര്‍ദവും ഇല്ലെന്നും എസ്പി വ്യക്തമാക്കി.

കന്യാസ്ത്രീ നല്‍കിയ മൊഴിയില്‍ ചില വൈരുധ്യങ്ങള്‍ ഉണ്ടെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. കോടതിയില്‍ തിരിച്ചടി ഉണ്ടാക്കാന്‍ ഇത് കാരണമാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഏഴു ദിവസത്തിനുള്ളില്‍ പിഴവുകള്‍ ഒഴിവാക്കി ആദ്യഘട്ടം പൂര്‍ത്തീകരിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. അടുത്തയാഴ്ചയോടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് നല്‍കും. രഹസ്യമായിട്ടാകും ബിഷപ്പിനെ വിളിച്ചു വരുത്തുകയെന്നാണ് സൂചന.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top