എലിപ്പനി: നിലവില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

പിണറായി വിജയന്‍

കൊച്ചി: എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ ചര്‍ച്ച ചെയ്തു. നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എലിപ്പനി പടരാനിടയുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ ഇത്തരം മേഖലകളിലെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ദൈനംദിന വിലയിരുത്തലുകളും നിരീക്ഷണവും തുടരണമെന്നും മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കുന്നതിനൊപ്പം മറ്റ് പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള മുന്‍കരുതല്‍ നടപടികളും ജാഗ്രതയോടെ നടത്തേണ്ടതുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം പോലെ തന്നെ ഒത്തൊരുമയോടെ കേരളീയരാകെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികള്‍ ആകണം എന്നഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top