കെപിഎംജിക്കെതിരെയുള്ള ആരോപണങ്ങളില്‍ വസ്തുതയില്ല; നടപടികളുമായി മുന്നോട്ട്‌ പോകുമെന്ന് ഇപി ജയരാജന്‍

ഇപി ജയരാജന്‍

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്‍സി കെപിഎംജിയെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചൊല്ലി പുതിയ വിവാദം. കണ്‍സള്‍ട്ടന്‍സിക്കെതിരെ നിരവധി ആരോപണങ്ങളുള്ളതിനാല്‍ കമ്പനിയുടെ വിശ്വാസ്യതയെക്കുറിച്ച് പരിശോധിക്കണമെന്നും പകരം സംവിധാനം ആലോചിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് കത്ത് നല്‍കി. അതേസമയം കെപിഎംജിക്കെതിരെയുള്ള ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു.

പ്രളയത്തില്‍ തകര്‍ന്നു പോയ കേരളത്തിന്റെ പുനര്‍നിര്‍മതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച നെതര്‍ലെന്‍സ് ആസ്ഥാനമായുള്ള കെപിഎംജിക്കെതിരെ വിഎം സുധീരനാണ് ആദ്യം രംഗത്ത് വന്നത്. അതിഗുരുതര ആരോപണങ്ങള്‍ നേരിടുന്ന കമ്പനിക്കെതിരെ ബ്രിട്ടന്‍, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ അന്വേഷണ നടപടികളുമായി മുന്നോട്ടു പോകുന്നുണ്ടെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനപരിശോധന നടത്തണമെന്നുമായിരുന്നു സുധീരന്റെ ആവശ്യം. തുടര്‍ന്ന് ഇതേ ആവശ്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് കത്ത് നല്‍കി. സഹായം നല്‍കാന്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയമുള്ള ഡച്ച് സര്‍ക്കാരടക്കം മുന്നോട്ടു വന്ന സ്ഥിതിയ്ക്ക് ഇത്തരം സാധ്യതകള്‍ കൂടി പരിഗണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാല്‍ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നത് ചില മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നും അതില്‍ കഴമ്പുള്ളതായി തോന്നുന്നില്ലെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു. നിലവില്‍ കെപിഎംജിയ്ക്ക് കണ്‍സള്‍ട്ടന്‍സി ചുമതല നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.

കരാര്‍ കൈമാറുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചതായും ഇപി ജയരാജന്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ പ്രളയക്കെടുതികളുടെ യഥാര്‍ഥ കണക്കെടുപ്പ് പൂര്‍ത്തിയാകും മുമ്പ് പുനര്‍നിര്‍മാണത്തിന് വിദേശകമ്പനിയെ ചുമതലപ്പെടുത്തിയതിനെ ചൊല്ലി ആദ്യം തന്നെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top