കുട്ടനാട്ടില്‍ വെള്ളം വറ്റിക്കുന്നതില്‍ വീഴ്ച ഉണ്ടായതായി സുധാകരന്‍; ഒരാഴ്ച സമയമെടുക്കുമെന്ന് ഐസക്

തിരുവന്തപുരം: കുട്ടനാടന്‍ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതില്‍ വീഴ്ച ഉണ്ടായതായി മന്ത്രി ജി സുധാകരന്‍. ഇതിനായി പണം അനുവദിക്കുന്നവര്‍ ശ്രദ്ധിക്കണം. സാഹചര്യം മുതലെടുത്ത് ചിലര്‍ സര്‍ക്കാരിനോട് വിലപേശുന്നതായും സുധാകരന്‍ കുറ്റപ്പെടുത്തി. തോമസ് ഐസക് വേദിയിലിരിക്കെയാണ് സുധാകരന്റെ പരാമര്‍ശം.

പ്രളയ ബാധിതരെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നവകേരള ഭാഗ്യക്കുറിയുടെ ഉദ്ഘാടന വേദിയിലായിരുന്നു തോമസ് ഐസക് കൂടി ഇരിക്കെ ജി സുധാകരന്റെ പരാമര്‍ശം. പ്രളയത്തെ അതിജീവിച്ച കുട്ടനാടന്‍ ജനതയ്ക്ക് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാന്‍ കഴിയാത്തതെന്തു കൊണ്ടാണെന്നും മന്ത്രി ചോദിച്ചു. ഇതൊക്കെ അതിനായി പണം അനുവദിക്കുന്നവരാണ് പരിശോധിക്കേണ്ടത് എന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ പമ്പുകളെല്ലാം വെള്ളത്തിനടിയിലായതിനാലാണ് കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ സമയമെടുക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് മറുപടി നല്‍കി. നിലവില്‍ കുട്ടനാട്ടിലെ 2000 പമ്പുകള്‍ വെള്ളത്തിനടിയിലാണ്. ഇവ പുറത്തെടുത്തതിന് ശേഷം നാല് ദിവസത്തിനുള്ളില്‍ പമ്പിംഗ് പുനരാരംഭിക്കും. വെള്ളം വറ്റിക്കാന്‍ ഒരാഴ്ച സമയമെടുക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top