കേരളത്തിലെ പ്രളയത്തിന്റെ കാരണം കേന്ദ്രവും അന്വേഷിക്കുന്നു

ദില്ലി:  കേരളത്തിലെ പ്രളയകാരണം കേന്ദ്രവും അന്വേഷിക്കുന്നു. പ്രതിപക്ഷം ഉന്നയിച്ച മുന്നറിയിപ്പുകളില്ലാതെ ഡാം തുറന്നു വിട്ടതാണ് പ്രളയത്തിന് ഇടയാക്കിയതെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവർത്തകൻ തൃശൂർ സ്വദേശി സുജോബി ജോസ് പ്രധാനമന്ത്രിക്ക് അയച്ച പരാതിയിലാണ് കേന്ദ്രം അന്വേഷിക്കുന്നത്. പരാതിയിൽ നടപടിയിലാണെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് പരാതിക്കാരനെ അറിയിച്ചു. പ്രളയത്തിൽ മതിയായ സഹായം നൽകാതെയും, വിദേശ സഹായങ്ങൾ സ്വീകരിക്കുന്നതിനെതിരെയുമുള്ള കേന്ദ്ര നിലപാടിനെതിരെ സംസ്ഥാനത്തു വൻ വിമർശനം ഉയരുമ്പോഴാണ് പ്രളയം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന ആരോപണത്തിൽ പരാതി ലഭിക്കുന്നത്.

മുന്നറിയിപ്പുകളില്ലാതെ കൂട്ടത്തോടെ ഡാം തുറന്നു വിട്ടതാണ് ദുരന്തത്തിന് കാരണമെന്ന് യൂഡിഫും, ബിജെപിയും ആരോപണമുന്നയിക്കുമ്പോൾ, അതി ശക്തമായ മഴയാണ് പ്രളയത്തിന് കാരണമെന്ന് സിപിഎമ്മും ഇടതു മുന്നണിയും വാദിക്കുന്നത്. ഇതോടൊപ്പം കേന്ദ്രത്തിന്റെ കാലാവസ്ഥ പ്രവചനം പാളിയെന്നും ഉന്നയിക്കുമ്പോഴാണ്  കേന്ദ്രവും കാരണം അന്വേഷിക്കുന്നത്.

ഡാം തുറന്നു വിട്ടതാണെന്നു വ്യക്തമാക്കി കേന്ദ്ര ഭൗമ മന്ത്രാലയം രംഗത്ത് വന്നിരുന്നു.  ശക്തമായ മഴയാണ് കാരണമെന്ന് ചൂണ്ടിക്കാണിച്ചു കേന്ദ്ര ജല കമ്മീഷനും രംഗത്ത് വന്നത് വിദഗ്ധർക്കും, വകുപ്പുകൾക്കിടയിലും ചേരിപ്പോരിന് ഇടയാക്കിയിരുന്നു. പ്രളയത്തിൽ കേന്ദ്രത്തെ വിമർശിച്ചു കൊണ്ടിരിക്കെ, കേന്ദ്രതല അന്വേഷണം സംസ്ഥാനത്തിന് നിർണായകമാകും. നേരത്തെ രേഖകളില്ലാതെ കേരളത്തിൽ കുടുങ്ങി ജയിലുകളിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശികളുടെ മോചനത്തിന് ഇടയാക്കിയത് സുജോബി പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ തുടർന്നായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top