ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം പൊളിയുന്നു; മൊഴി തെറ്റാണെന്ന് പൊലീസ് കണ്ടെത്തി

ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: കന്യാസ്ത്രീയെ ആദ്യമായി പീഡിപ്പിച്ച ദിവസം താന്‍ കുറവിലങ്ങാട് മഠത്തില്‍ ഉണ്ടായിരുന്നില്ലെന്ന ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം പൊളിയുന്നു. അതേദിവസം തൊടുപുഴയില്‍ ആയിരുന്നെന്ന ബിഷപ്പിന്റെ മൊഴി തെറ്റാണെന്ന് പൊലീസ് കണ്ടെത്തി. ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൂടുതല്‍ പ്രതിരോധത്തിലാകുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

2014 മെയ് അഞ്ചിന് തൊടുപുഴയിലെ മഠത്തില്‍ ആയിരുന്നുവെന്ന ബിഷപ്പിന്റെ മൊഴി തെറ്റാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. തൊടുപുഴ മഠത്തിലെ രേഖകള്‍ പ്രകാരം ആ ദിവസം ബിഷപ്പ് അവിടെ എത്തിയിരുന്നില്ല. രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. മാത്രമല്ല ബിഷപ്പിന്റെ മൊഴിക്ക് വിപരീതമായി ഡ്രൈവറും മൊഴി നല്‍കിയിരുന്നു. പീഡനം നടന്ന മെയ് 5 ന് കുറവിലങ്ങാട്ടെ മഠത്തില്‍ ബിഷപ്പിനെ എത്തിച്ചതായാണ് ഡ്രൈവര്‍ നാസര്‍ നേരത്തെ മൊഴി നല്‍കിയത്.

അതിനിടെ ബിഷപ്പിന് വേണ്ടിയാണ് കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് സിഎംഐ സഭ വൈദികന്‍ ഫാതര്‍ ജെയിംസ് ഏര്‍ത്തയില്‍ മൊഴി നല്‍കി. കോതമംഗലം സ്വദേശി ജോബി ജോര്‍ജ്ജ് വഴിയാണ് ഇത് നീക്കം നടന്നത്. 10 ഏക്കര്‍ ഭൂമിയും മഠവും സ്ഥാപിച്ച് നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നും ആറുമണിക്കൂര്‍ നീണ്ട മൊഴിയെടുപ്പില്‍ ഏര്‍ത്തയില്‍ പറഞ്ഞു. കേസിലെ തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കാന്‍ നാളെ അന്വേഷണസംഘം പ്രത്യേക യോഗം ചേരുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top