കണ്ണൂര്‍ മെഡിക്കല്‍ കോളെജ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറണം

ദില്ലി: വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ വീഴ്ച വരുത്തിയതിന് കണ്ണൂര്‍ മെഡിക്കല്‍ കോളെജിന് സുപ്രിം കോടതി ഒരു കോടി 20 ലക്ഷം രൂപ പിഴ വിധിച്ചു. ഒരു കോടി രൂപ മെഡിക്കല്‍ കോളെജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറണം എന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 20 നുള്ളില്‍ തുക കൈമാറണം എന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

10 ലക്ഷം രൂപ വീതം സുപ്രിം കോടതി ബാര്‍ അസോസിയേഷനും, അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനും നല്‍കാനും നിര്‍ദേശമുണ്ട്. സുപ്രിം കോടതി പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കൈപറ്റിയതിന്റെ ഇരട്ടി തുക തിരികെ നല്‍കണം.

സെപ്റ്റംബര്‍ മൂന്നിനകം വിദ്യാര്‍ത്ഥികള്‍ക്ക് തുക നല്‍കിയതിന്റെ രേഖകള്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് കൈമാറിയാല്‍ ഈ വര്‍ഷം കോളെജില്‍ പ്രവേശനം നടത്താം.

ഈ വര്‍ഷം പ്രവേശന മേല്‍നോട്ട സമിതി നിശ്ചയിച്ചതിനെക്കാളും ഒരു രൂപ പോലും കോളെജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കരുത് എന്നും സുപ്രിം കോടതി മുന്നറിയിപ്പ് നല്‍കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top