പ്രളയക്കെടുതി: വ്യാജപ്രചരണത്തിനെതിരെ ജയരാജന്‍, സിപിഐഎം കണ്ണൂരില്‍ നിന്ന് ഇതുവരെ സമാഹരിച്ചത് 7,41,94,200 രൂപ

പി ജയരാജന്‍

കൊച്ചി: പ്രളയബാധിതരെ സഹായിക്കുന്നതിന് വേണ്ടി സിപിഐഎം ജില്ലാ കമ്മറ്റി നടത്തിയ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലൂടെ ചിലര്‍ കള്ളപ്രചരണം നടത്തുന്നതായി അറിയാന്‍ കഴിഞ്ഞുവെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. സംസ്ഥാന കമ്മറ്റിയും ജില്ലാ കമ്മറ്റിയും പ്രസിദ്ധീകരിച്ച കണക്കിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് പ്രചരണമെന്നും, രണ്ടും രണ്ടുദിവസത്തെ കണക്കാണെന്നും ജയരാജന്‍ വ്യക്തമാക്കി.

ആഗസ്ത് 20 വരെ കണ്ണൂര്‍ ജില്ലയില്‍ നിന്ന് ശേഖരിച്ച ഫണ്ടിന്റെ കണക്കാണ് പാര്‍ട്ടി സംസ്ഥാന കമ്മറ്റി 21 ന് പ്രസിദ്ധീകരിച്ചത്. അന്നേ ദിവസം വരെ ജില്ലയില്‍ നിന്ന് 6,39,69,320 രൂപയാണ് ലഭിച്ചത്. ഈ തുകയാണ് സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിച്ച കണക്കിലുള്ളത്. എന്നാല്‍ തുടര്‍ന്നും നിരവധി പേര്‍ വിവിധ ഏരിയകളിലും ജില്ലാ കേന്ദ്രത്തിലും ഫണ്ട് ഏല്‍പ്പിക്കുകയുണ്ടായി. അധികം ലഭിച്ച തുകയുടെ വിശദശാംശം കൂടി ചേര്‍ത്താണ് ആഗസ്ത് 22 ന് ജില്ലാ കമ്മറ്റി പുതിയ കണക്ക് പ്രസിദ്ധീകരിച്ചത്. അതനുസരിച്ച് കണ്ണൂര്‍ ജില്ലയില്‍ നിന്ന് 6,93,60,116 രൂപയാണ് പണമായും ചെക്കായും ഡിഡിയായും ലഭിച്ചത്. ഇപ്പോഴും സഹായം ലഭിച്ചുകൊണ്ടിരിക്കുന്നു.

ഏറ്റവും പുതിയ കണക്ക് പ്രകാരം(2018 ആഗസ്ത് 26 ന് വൈകീട്ട് 5 മണി വരെ) 7,41,94,200 (ഏഴ് കോടി നാല്‍പ്പത്തിയൊന്ന് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി ഇരുന്നൂറ് രൂപ) രൂപയാണ് ജില്ലയില്‍ ലഭിച്ചത്. ഏരിയ തിരിച്ച കണക്ക് ചുവടെ. പയ്യന്നൂര്‍-76,81,083, പെരിങ്ങോം-46,62,410, ആലക്കോട്-14,67,577, ശ്രീകണ്ഠാപുരം-27,15,191, തളിപ്പറമ്പ്-50,22,659, മാടായി-51,07,366, പാപ്പിനിശ്ശേരി-51,49,855, മയ്യില്‍-23,87,925,കണ്ണൂര്‍-52,54,714, എടക്കാട്-34,15,510, അഞ്ചരക്കണ്ടി-27,83,396, പിണറായി-60,15,254, തലശ്ശേരി-77,11,821, പാനൂര്‍-28,28,265, കൂത്തുപറമ്പ്-30,36,767, മട്ടന്നൂര്‍-47,49,603, ഇരിട്ടി-23,61,556, പേരാവൂര്‍-15,08578, ജില്ലാ കമ്മറ്റി ഓഫീസില്‍ നേരിട്ട് ലഭിച്ചത്-13,34,670.

ലോക്കല്‍ അടിസ്ഥാനത്തില്‍ ശേഖരിച്ച പണവും ചെക്കും ഡിഡിയും അതാത് സ്ഥലങ്ങളിലെ ബാങ്കുകളും ട്രഷറികളും വഴിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഫണ്ട് ശേഖരണം മാത്രമല്ല അതോടൊപ്പം പുനരധിവാസ പ്രവര്‍ത്തനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ അടക്കമുള്ള വര്‍ഗ്ഗ ബഹുജന സംഘടനകളും ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഏറ്റവും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. ജനങ്ങള്‍ രാഷ്ട്രീയ ഭേദമന്യേ സഹായങ്ങള്‍ നല്‍കി. ഈ അഭിനന്ദനീയമായ പ്രവര്‍ത്തനത്തോട് അസഹിഷ്ണുത പുലര്‍ത്തുന്നവരാണ് വ്യാജപ്രചരണങ്ങള്‍ക്ക് പുറകിലുള്ളത്. ഇത് ജനങ്ങള്‍ തിരിച്ചറിയും, ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top