ലോകം ഉറ്റുനോക്കുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഭിന്നിച്ച് പോകാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകണം: വിഎം സുധീരന്‍

വിഎം സുധീരന്‍

കൊച്ചി: ലോകം ഉറ്റുനോക്കുന്ന ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഭിന്നിച്ച് പോകാതിരിക്കാനുള്ള ജാഗ്രത എല്ലാ ഭാഗത്തുനിന്നും ഉണ്ടായേ മതിയാകൂ എന്ന് വിഎം സുധീരന്‍. പരസ്പരം പഴിചാരാനും കുറ്റപ്പെടുത്താനും കിട്ടുന്ന അവസരങ്ങളൊക്കെ പ്രയോജനപ്പെടുത്ത പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തന ശൈലിക്ക് താത്കാലികമായിട്ടെങ്കിലും വിരാമമിടാന്‍ കഴിയണമെന്നും, രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കി പുതുകേരളം കെട്ടിപ്പടുക്കാന്‍ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാദുരന്തത്തെ നേരിടുന്നതിനും ജനങ്ങളെ രക്ഷിക്കുന്നതിനും ആശ്വാസമെത്തിക്കുന്നതിനും സമസ്ത കേരളീയരും അനിതരസാധാരണമായ ഒരുമയോടെ അണിചേര്‍ന്നത് തികഞ്ഞ മതിപ്പോടെയാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍ നോക്കിക്കാണുന്നത്. തുടര്‍ന്നുള്ള ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളിലൂടെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനും ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത്. സംസ്ഥാന സര്‍ക്കാരും സമസ്ത രാഷ്ട്രീയ നേതൃത്വവും സമൂഹത്തിന്റെ സര്‍വ്വ തലത്തിലുള്ള ജനവിഭാഗങ്ങളും ഒരേ മനസ്സോടെ ഒന്നിച്ചു നിന്ന് പുതിയൊരു കേരളം കെട്ടിപ്പടുക്കുന്ന ദൗത്യം ഏറ്റെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

കേരളം നേരിടുന്ന വെല്ലുവിളി തരണം ചെയ്യുന്നതിന് ലോകരാഷ്ട്രങ്ങളുടെ പിന്തുണ നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. എന്തിലും ഏതിലും ഇന്ത്യയെ എതിര്‍ക്കുന്നതിന് അവസരം നോക്കിയിരിക്കുന്ന പാകിസ്താന്‍ ഭരണകൂടം തന്നെ കേരളത്തിന്റെ ദുരവസ്ഥയില്‍ സഹായ വാഗ്ദാനം നല്‍കിയത് കുളിര്‍മയുള്ള ഒരനുഭവം തന്നെയാണ്. ലോകം കേരളത്തിലേക്ക് ഉറ്റുനോക്കി കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഭിന്നിച്ച് പോകുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത എല്ലാ ഭാഗത്തുനിന്നും ഉണ്ടായേ മതിയാകൂ.

അതിന് ആദ്യമായി വേണ്ടത് പരമ്പരാഗതമായി നാം അനുവര്‍ത്തിച്ചു വരുന്ന രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയില്‍ തന്നെ മാറ്റമുണ്ടാക്കുക എന്നതാണ്. പരസ്പരം പഴിചാരാനും കുറ്റപ്പെടുത്താനും കിട്ടുന്ന അവസരങ്ങളൊക്കെ പ്രയോജനപ്പെടുത്തിവരുന്ന ആ രീതിക്ക് താല്‍ക്കാലികമായിട്ടെങ്കിലും വിരാമമിടാന്‍ നമുക്ക് കഴിയണം. അതിന് ആവശ്യമായ മുന്‍കൈ ഉണ്ടാകേണ്ടത് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തന്നെയാണ്. സര്‍ക്കാരിന്റെയോ ഔദ്യോഗിക സംവിധാനങ്ങളുടെയോ ഭാഗത്തുനിന്നും വന്നതായി പറയുന്ന പാളിച്ചകളോ വീഴ്ചകളോ സംബന്ധിച്ച് ഏതു ഭാഗത്തുനിന്നും വിമര്‍ശനങ്ങളോ പ്രതികരണങ്ങളോ നിര്‍ദ്ദേശങ്ങളോ ഉണ്ടായാലും തുറന്ന മനസ്സോടെ തന്നെ അതെല്ലാം പരിശോധിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകേണ്ടത് ആവശ്യമാണ്.

ഡാം മാനേജ്‌മെന്റ് സംബന്ധിച്ച് പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവന്നിട്ടുള്ള വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്. അതോടൊപ്പം തന്നെ കാലാകാലങ്ങളില്‍ മാറിമാറി വന്ന കേരളത്തിലെ ഭരണകൂടങ്ങളുടെ നടപടികളുടെ ഫലമായി പ്രകൃതിക്കേറ്റ ആഘാതങ്ങള്‍ എത്രമാത്രം ഈ ദുരന്തത്തില്‍ പ്രതിഫലിക്കപ്പെട്ടു എന്നതും വിലയിരുത്തപ്പെടേണ്ടതാണ്. അതേ രീതിയില്‍ തന്നെ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിലും മാലിന്യ നിര്‍മ്മാര്‍ജനത്തിലും അനിയന്ത്രിതവും നിയമവിരുദ്ധവുമായ നിര്‍മ്മാണങ്ങളും ഖനന പ്രവര്‍ത്തനങ്ങളും തടയുന്നതിലും വന്നിട്ടുള്ള വീഴ്ചകളുടെ ഫലമായി പ്രകൃതിയുടെ സന്തുലിതാവസ്ഥയ്‌ക്കേറ്റ മാരകമായ ക്ഷതങ്ങള്‍ ഈ ദുരന്തത്തിന്റെ ആക്കം കൂട്ടിയോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.

ഇതെല്ലാം വിലയിരുത്തുന്നതിന് ഒരു ഉന്നതാധികാര കമ്മീഷനെ എത്രയും പെട്ടെന്ന് നിയോഗിക്കുന്നത് ഉചിതമായിരിക്കും. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ അധ്യക്ഷതയില്‍ ഇപ്രകാരമൊരു കമ്മീഷന്‍ വരുന്നതായിരിക്കും നല്ലത്. ഡാം സുരക്ഷ, വാട്ടര്‍ മാനേജ്‌മെന്റ്, ഫ്‌ളഡ് മാപ്പിംഗ്, ഭൗമശാസ്ത്രം, ലാന്‍ഡ് മാനേജ്‌മെന്റ്, പരിസ്ഥിതി സംരക്ഷണം, വേസ്റ്റ് മാനേജ്‌മെന്റ്, നിര്‍മ്മാണമേഖല, പുനരധിവാസം, സാമൂഹ്യശാസ്ത്രം, നിയമം എന്നീ മേഖലകളിലെ വിദഗ്ധരും മറ്റു ബന്ധപ്പെട്ട ശാസ്ത്രജ്‌ന്ജരും ഈ കമ്മീഷനില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെയും മറ്റ് ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരുടെയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് പൊതുസ്വീകാര്യതയുള്ള നിലയില്‍ ഈ കമ്മീഷന് രൂപം കൊടുക്കാവുന്നതാണ്. സാധാരണ സര്‍ക്കാര്‍ നിയമിക്കുന്ന കമ്മീഷനുകളുടെ പ്രവര്‍ത്തന ശൈലിയും നടപടിക്രമങ്ങളും മാറ്റിവെച്ച് കൃത്യമായും ഒരു ഫാക്ട് ഫൈന്‍ഡിങ് സംവിധാനമായി അത് മാറണം.

നിലവിലുള്ള സംവിധാനത്തിലെ പാളിച്ചകള്‍ കണ്ടെത്തി ആവശ്യമായ തിരുത്തല്‍ വരുത്തുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യമായി മാറേണ്ടത്. കമ്മീഷനെ ഏല്‍പ്പിക്കുന്ന ചുമതല സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമാകണം. പ്രസ്തുത കമ്മീഷന്‍ റിപ്പോര്‍ട്ട് ബന്ധപ്പെട്ട വിദഗ്ധരെയും ജനപ്രതിനിധികളെയും പങ്കാളികളാക്കി വിപുലമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും യാതൊരു നിക്ഷിപ്ത താല്‍പര്യങ്ങളും ഇല്ലാതെ തികച്ചും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം തുടര്‍നടപടികള്‍ നടപ്പിലാക്കുകയും വേണം. പുതിയൊരു കേരള സൃഷ്ടിക്ക് ഇതാവശ്യമാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് നിര്‍ദ്ദേശിക്കപ്പെട്ട രൂപത്തിലുള്ള ഒരു ‘ഫാക്ട് ഫൈന്‍ഡിംഗ് കമ്മീഷന്’ രൂപം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതോടെ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങളെല്ലാം അവസാനിപ്പിച്ച് മുഴുവന്‍ ശ്രദ്ധയും ദുരിതാശ്വാസ-പുനരധിവാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിക്കാനാകണം.

ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മേല്‍നോട്ടം വഹിക്കുന്നതിന് മുഖ്യമന്ത്രി ചെയര്‍മാനായി സര്‍ക്കാര്‍ പ്രതിനിധികളും പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ള രാഷ്ട്രീയകക്ഷി പ്രതിനിധികളും ദുരന്തബാധിത ജില്ലകളിലെ എംഎല്‍എമാര്‍, എംപിമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ അധ്യക്ഷന്മാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഒരു മോണിറ്ററിംഗ് കൗണിസിലിന് രൂപം നല്‍കുന്നതും ഉചിതമായിരിക്കും. ദുരന്തം വരുത്തിയ വന്‍ നാശനഷ്ടങ്ങളെ കുറിച്ച് അന്തിമ വിലയിരുത്തല്‍ പൂര്‍ത്തിയാകുമ്പോള്‍ ഇപ്പോള്‍ കണക്കാക്കിയതിലും എത്രയോ മടങ്ങ് വര്‍ധിച്ചതായിരിക്കും അത് എന്നതില്‍ സംശയമില്ല.

വിദേശസഹായം സ്വീകരിക്കുന്നതില്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട സമീപനം പൊളിച്ചെഴുതണം. ലോക രാഷ്ട്രങ്ങളുടെയും യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹായം പൂര്‍ണമായും കേരളത്തിന് ലഭ്യമാക്കാന്‍ കഴിയുന്ന രീതിയില്‍ തീരുമാനങ്ങള്‍ ഉണ്ടാകണം. സാമ്പത്തിക സഹായം മാത്രമല്ല ലോകരാജ്യങ്ങളിലെ സാങ്കേതിക വൈദഗ്ധ്യവും ലഭ്യമാക്കുന്നത് പ്രധാന കാര്യമാണ്. രാഷ്ട്രീയ അതിപ്രസരം കൂടാതെ കേരളത്തോടൊപ്പം നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായേ മതിയാകൂ. യാഥാര്‍ത്ഥ്യ ബോധത്തോടെ കേരളത്തെ സഹായിക്കാന്‍ കേന്ദ്രം മുന്നോട്ട് വരേണ്ട സന്ദര്‍ഭമാണിത്. അതിനവര്‍ വീഴ്ചവരുത്തിയാല്‍ ചരിത്രം പൊറുക്കില്ല.

രാഷ്ട്രീയം ജനനന്മയ്ക്ക് വേണ്ടിയാണ് എന്ന അടിസ്ഥാന തത്വം ഉള്‍ക്കൊണ്ട് രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കി പുതിയൊരു കേരളം കെട്ടിപ്പടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സമസ്ത കേരളീയരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട നിര്‍ണായക സന്ദര്‍ഭമാണിത്. അതിനായി അനാവശ്യ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും നമുക്ക് വിട നല്‍കാം. ‘ഒരൊറ്റ ജനത, ഒരൊറ്റ കേരളം’ എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ച് ദുരന്തത്തില്‍പ്പെട്ട മുഴുവന്‍ സഹോദരങ്ങളെയും പൂര്‍ണ്ണമായും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക. നമ്മുടെ പ്രവര്‍ത്തനങ്ങളെല്ലാം ആ ദിശയില്‍ മാത്രമാകട്ടെ, സുധീരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top