പ്രളയക്കെടുതി: കേരളത്തിന് കൈത്താങ്ങാകാന്‍ ധനസമാഹരണവുമായി സുപ്രിംകോടതി റിപ്പോര്‍ട്ടര്‍മാര്‍

ദില്ലി: മഹാപ്രളയം ദുരിതം വിതച്ച കേരളത്തിന് കൈത്താങ്ങാകുവാന്‍ സുപ്രിം കോടതി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ധനസമാഹരണത്തിന് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടി നാളെ. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ സുപ്രിം കോടതിയിലെ ജഡ്ജി ജസ്റ്റിസ് കെഎം ജോസഫ് ഗാനങ്ങള്‍ ആലപിക്കും. സുപ്രിം കോടതിയിലെയും ദില്ലി ഹൈകോടതിയിലെയും വിവിധ ജഡ്ജിമാര്‍, അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍, സീനിയര്‍ അഭിഭാഷകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും കച്ച് മുതല്‍ കിബിതു വരെയും ഉള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സുപ്രിം കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരാണ് മഹാപ്രളയം ദുരിതം വിതച്ച കേരളത്തിന് കൈത്താങ്ങ് ആകുവാന്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് 4.30 ന് ദില്ലിയിലെ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷനല്‍ ലോ’യുടെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യ അഥിതി ആകും. സുപ്രിം കോടതിയിലെ ജഡ്ജി ജസ്റ്റിസ് കെഎം ജോസഫ് ഗാനങ്ങള്‍ ആലപിക്കും. ഒരു മലയാളം ഗാനവും ഒരു ഹിന്ദി ഗാനവും ആകും ജസ്റ്റിസ് ജോസഫ് ആലപിക്കുക.

ഹിന്ദുസ്ഥാന്‍ ടൈംസ് ലീഗല്‍ കറസ്‌പോണ്ടന്റ് ഭദ്ര സിന്‍ഹ, ഗൗരിപ്രിയ എന്നിവരുടെ ഭരതനാട്യവും, യുവ കലാകാരി കീര്‍ത്തന ഹരീഷിന്റെ നൃത്തവും ഉണ്ടാകും. പ്രമുഖ പിന്നണി ഗായകന്‍ മോഹിത് ചൗഹാനും പരിപാടിയില്‍ ഗാനം അവതരിപ്പിക്കും. സുപ്രിം കോടതിയിലെയും ദില്ലി ഹൈകോടതിയിലെയും വിവിധ ജഡ്ജിമാര്‍ ചടങ്ങില്‍ പങ്കെടുക്കും. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാര്‍, സീനിയര്‍ അഭിഭാഷകര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയില്‍ നിന്ന് കിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും എന്ന് സുപ്രിം കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top