ജര്‍മന്‍ യാത്ര: മന്ത്രി കെ രാജുവിന് തെറ്റ് പറ്റിയെന്ന് സിപിഐ, വിശദീകരണം തള്ളി
തിരുവനന്തപുരം: സംസ്ഥാനം പ്രളയത്തില്‍ മുങ്ങിനിന്ന സമയത്ത് ജര്‍മനിയിലേക്ക് യാത്രപോയ വനംമന്ത്രി കെ രാജുവിനെ വിമര്‍ശിച്ച് സിപിഐ. മന്ത്രിയ്ക്ക് തെറ്റ് പറ്റിയെന്ന് വിലയിരുത്തിയ പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ അദ്ദേഹം നല്കിയ വിശദീകരണം തള്ളിക്കളഞ്ഞു. സംഭവിച്ചത് തെറ്റ് തന്നെയാണെന്നും കൂടുതല്‍ ന്യായീകരിച്ച് വിഷയം വിവാദമാക്കരുതെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയതായാണ് വിവരം.
വിദേശയാത്ര നടത്തിയതില്‍ തെറ്റില്ലെന്നായിരുന്നു കെ രാജു നല്കിയ വിശദീകരണം. പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയോടെയാണ് വിദേശയാത്ര നടത്തിയതെന്നും യാത്ര പോുകുമ്പോള് മഴ ആരംഭിച്ചിരുന്നില്ലെന്നുമാണ് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചത്. എന്നാല്‍ തെറ്റാണ് ചെയ്തതെന്ന് പാര്‍ട്ടി നേതൃത്വം മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ജര്‍മന്‍ യാത്ര വിവാദമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മന്ത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.

സംസ്ഥാനം പ്രളയത്തില്‍ മുങ്ങിനില്ക്കെയുള്ള മന്ത്രിയുടെ വിദേശയാത്ര വന്‍വിവാദം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ തിരിച്ച് വിളിക്കുകയായിരുന്നു. കോട്ടയം ജില്ലയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് മന്ത്രിക്ക് ഉണ്ടായിരുന്നത്.
മന്ത്രിയുടെ വിദേശയാത്ര ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു മന്ത്രി വിദേശയാത്ര നടത്തുമ്പോള്‍ വകുപ്പിന്റെ ചുമതല മറ്റൊരുമന്ത്രിക്ക് കൈമാറുന്ന കാര്യം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിക്കേണ്ടതുണ്ട്. എന്നാല്‍ രാജു ഇത് അനുവര്‍ത്തിച്ചില്ല. യാത്രതിരിക്കുന്ന ദിവസം തന്റെ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കുന്നതായി മന്ത്രി പി തിലോത്തമനെ ലെറ്റര്‍പാഡില്‍ എഴുതി അറിയിക്കുകയാണ് കെ രാജു ചെയ്തത്. എന്നാല്‍ ഇത്തരത്തില്‍ വകുപ്പിന്റെ ചുമതല മറ്റൊരു മന്ത്രിക്ക് കൈമാറാനുള്ള അധികാരം മുഖ്യമന്ത്രിക്ക് മാത്രമാണ് ഉള്ളത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക