വെള്ളപ്പൊക്കത്തിനു ശേഷമുള്ള ആരോഗ്യ നിർദ്ദേശങ്ങൾ

വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകൾ വീടുകളിലേക്ക് തിരിച്ചു പോകാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി. എന്നാൽ വെള്ളം ഇറങ്ങിയ വീടുകളിലേക്ക് കയറിച്ചെല്ലുന്നവര്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയാണ് മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ വി ജിതേഷ്.

ഡെറ്റോൾ എന്നത് മണം കൊണ്ട് നല്ലത് ആണെങ്കിലും ശക്തമായ ഒരു അണുനശീകരണഉപാധി അല്ല എന്ന് നാം തിരിച്ചറിയണം. അല്പം ദുർഗന്ധം ഉണ്ടെങ്കിലും, വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകൾ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാർഗം ക്ലോറിനേഷൻ തന്നെ ആണ്. ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് വീടുകളിൽ തന്നെ എങ്ങിനെ അണുനശീകരണം നടത്താം എന്ന് ചുവടെ വിവരിക്കുന്നു.

കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി

1. സാധാരണ വാങ്ങാൻ ലഭിക്കുന്ന ബ്ലീച്ചിംഗ് പൗഡറിൽ 30 മുതൽ 40 ശതമാനം വരെയാണ് ക്ലോറിന്റെ അളവ്. 33% ക്ലോറിന് ഉണ്ട് എന്ന നിഗമനത്തിലാണ് ഇനി പറയുന്ന അളവുകൾ നിർദ്ദേശിക്കുന്നത്.

2. കിണറിലെ വെള്ളത്തിന്റെ അളവ് ആദ്യം നമ്മൾ കണക്കാക്കണം. അതിന് ആദ്യം കിണറിന്റെ വ്യാസം മീറ്ററിൽ കണക്കാക്കുക (D). തുടർന്ന് ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയിൽ വരെ ഇറക്കി നിലവിൽ ഉള്ള വെള്ളത്തിന്റെ ആഴം മീറ്ററില് കണക്കാക്കുക (H) വെള്ളത്തിന്റെ അളവ് = 3.14 x D x D x H x 250 ലിറ്റർ

3. സാധാരണ ക്ലോറിനേഷൻ നടത്താൻ 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൗഡർ ആണ് ആവശ്യം വരിക. എന്നാൽ വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം അതീവ മലിനം ആയിരിക്കും എന്നത് കൊണ്ട് സൂപ്പർ ക്ലോറിനേഷൻ നടത്തേണ്ടതുണ്ട്. ഇതിനായി 1000 ലിറ്ററിന് 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂൺ കൂമ്പാരം ആയി) ബ്ലീച്ചിംഗ് പൗഡർ ആണ് ആവശ്യം.

4. വെള്ളത്തിന്റെ അളവ് വച്ച് ആവശ്യമായ ബ്ലീച്ചിംഗ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ എടുക്കുക. ഇതിൽ അൽപം വെള്ളം ചേർത്ത് കുഴമ്പ് പരുവത്തിലാക്കുക. നന്നായി കുഴമ്പ് ആയ ശേഷം ബക്കറിന്റെ മുക്കാൽ ഭാഗം വെള്ളം ഒഴിച്ച് ഇളക്കുക. ശേഷം ബക്കറ്റ് 10 മിനിറ്റ് അനക്കാതെ വെക്കുക

5. 10 മിനിറ്റ് കഴിയുമ്പോൾ ലായനിയിലെ ചുണ്ണാമ്പ് അടിയിൽ അടിയും. മുകളിൽ ഉള്ള വെള്ളത്തിൽ ക്ലോറിനിൽ ലയിച്ചു ചേർന്നിരിക്കും. വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഇത്  ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്ത് വെള്ളത്തിൽ ക്ലോറിന് ലായനി നന്നായി കലർത്തുക.

6. 1 മണിക്കൂർ സമയം വെള്ളം അനക്കാതെ വച്ച ശേഷം കിണറിലെ വെള്ളം ഉപയോഗിച്ച് തുടങ്ങാം.

വീടിന്റെ തറയും പരിസരവും വൃത്തിയാക്കുന്ന രീതി

1. പരിസരം വൃത്തിയാക്കാൻ പലരും ബ്ലീച്ചിംഗ് പൗഡർ വിതറുന്നത് കാണാം. ഇത് കൊണ്ട് പരിസരം അണു വിമുക്തം ആക്കാൻ സാധിക്കില്ല.

2. 1% ക്ലോറിൻ ലായനി തയ്യാറാകുന്ന വിധം: 6 ടീ സ്പൂൺ ബ്ലീച്ചിംഗ് പൗഡർ എടുത്തു കുഴമ്പ് പരുവത്തിലാക്കുക. അതിനു ശേഷം അതിലേക്കു 1 ലിറ്റർ വെള്ളം ചേർക്കുക. മുകളിൽ പറഞ്ഞ പോലെ കലക്കി 10 മിനിറ്റ് വച്ച ശേഷം, അതിന്റെ തെളി എടുത്തു വേണം തറ തുടക്കാനും, പരിസരത്ത് ഒഴിക്കാനും. കൂടുതൽ ആവശ്യമുണ്ടെങ്കിൽ ഒരു ലിറ്ററിന് 6 ടീസ്പൂൺഎന്ന കണക്കിന് ലായനി തയ്യാറാക്കാം.

3. നിലം തുടച്ച ശേഷം / വീട്ടു പരിസരത്ത് ക്ലോറിന് ലായനി ഒഴിച്ച ശേഷം ചുരുങ്ങിയത് 20 – 30 മിനിറ്റ് സമ്പർക്കം ലഭിച്ചാൽ മാത്രമേ അണു നശീകരണം കൃത്യമായി നടക്കൂ. അതിനാൽ അത്രയും സമയം വരെ തറ തുടക്കുവാനോ വെള്ളം ഒഴിക്കുവാനോ പാടില്ല.

4. അര മണിക്കൂറിനു ശേഷം മണം ഉള്ള മറ്റു ലായനികൾ ഉപയോഗിച്ച് തറ വൃത്തിയാ ക്കി ക്ലോറിന്റെ മണം മാറ്റാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top