കാലവര്‍ഷക്കെടുതി: സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാരിനെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ നീരൊഴുക്കിന് അനുസൃതമായി ജലം പുറത്തേക്കൊഴുക്കുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയക്കെടുതി തുടരുന്ന പശ്ചാത്തലത്തില്‍ രണ്ടാം വട്ടം ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രളയക്കെടുതി തുടരുകയും 14 ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രണ്ടാം വട്ടവും ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് ഉദ്യോഗസ്ഥര്‍ക്കും ദുരന്തനിവാരണ ഏജന്‍സികള്‍ക്കുമുള്ള നിര്‍ദ്ദേശം. കാര്യങ്ങള്‍ പ്രധാനമന്ത്രിയെയും കേന്ദ്രആഭ്യന്തര മന്ത്രിയെയും ബോധ്യപ്പെടുത്തിയെന്നും സഹായം നല്‍കാമെന്ന് ഉറപ്പ് ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലേക്കുയര്‍ന്നെങ്കിലും ഇതിന് അനുസൃതമായി വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാല്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഇക്കാര്യം തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം പുറത്തേക്കൊഴുക്കാതെ മറ്റു മാര്‍ഗങ്ങളില്ല. ആലുവ ഉള്‍പ്പെടുന്ന എറണാകുളം ജില്ലയിലെ പ്രദേശങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. വെള്ളം ഓടിക്കയറുന്ന സാഹചര്യത്തില്‍ കടുംപിടുത്തങ്ങള്‍ ഒഴിവാക്കി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറാന്‍ ആളുകള്‍ തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. പമ്പയാറില്‍ ജലനിരപ്പുയര്‍ന്നതോടെ റാന്നി തിരുവല്ല ആറന്‍മുള തുടങ്ങിയ സ്ഥലങ്ങളില്‍ ഗുരുതര സാഹചര്യം നിലനില്‍ക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ അടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും.

നെടുമ്പാശേരിയില്‍ വിമാനസര്‍വീസുകള്‍ മുടങ്ങിയ സാഹചര്യത്തില്‍ കൊച്ചി നാവിക വിമാനത്താവളത്തില്‍ വിമാനം ഇറക്കാന്‍ കഴിയുമോ എന്നത് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. ജലവിതരണം തകരാറിലായ സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിക്കും. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരും. ദുരിത ബാധിതരെ സഹായിക്കുന്നതിനായി കൂടുതല്‍ സേനയെ കേന്ദ്രത്തോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമെടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top